കനത്ത മഴ; തിരുവനന്തപുരം മുങ്ങി, കരമന, നെയ്യാർ, മണിമല നദിക്കരകളിൽ പ്രളയ മുന്നറിയിപ്പ്

അടുത്ത നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴ, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം.

0
136

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. പലയിടങ്ങളിലും മഴ വൻനാശനഷ്ടം വിതച്ചു. തിങ്കളാഴ്ച രാത്രി തുടങ്ങിയ പെരുമഴ തിരുവനന്തപുരത്ത് തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും മുങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കരമന, നെയ്യാർ, മണിമല എന്നീ നദിക്കരയിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി.

കനത്ത മഴയിൽ തമ്പാനൂർ, ബേക്കറി ജങ്ഷൻ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ വെള്ളം കയറി. കാൽനട പോലും അസാധ്യമാകുന്ന തരത്തിലാണ് മഴവെള്ളം കയറിയത്. ജില്ലയുടെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. തിരുവനന്തപുരം നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനിൽ ജലനിരപ്പ് അപകടനിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷൻ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴ കനത്തതോടെ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.

ആലപ്പുഴയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ നിലവില്‍ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ കോട്ടയം താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നൽകി. അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തീരത്തോട് ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

തെക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളില്‍ ന്യൂനമര്‍ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു