മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ കൂട്ടമരണം തുടരുന്നു; മരിച്ചവരിൽ 16 കുഞ്ഞുങ്ങളും

നിലവിൽ ആശുപത്രിയിൽ കഴിയുന്ന 71 പേരുടെ നില അതീവ ഗുരുതരം.

0
202

മുംബൈ: ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്ത മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 16 പിഞ്ചുകുഞ്ഞുങ്ങളടക്കം 31 രോ​ഗികൾ മരിച്ചു. നന്ദേഡിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 48 മണിക്കൂറിനുള്ളിലാണ് 31 രോഗികൾ മരിച്ചത്. ചൊവ്വാഴ്ച മരിച്ച ഏഴ് പേരില്‍ നാല് പേരും കുട്ടികളാണ്. ആകെ മരിച്ച 31 പേരില്‍ 16 പേര്‍ ശിശുക്കളും കുട്ടികളുമാണ്. മരുന്ന് ക്ഷാമമാണ് കൂട്ടമരണത്തിനിടയാക്കിയത്. മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ തന്നെ പ്രതികരിച്ചു. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു. നിലവിലുള്ള ജീവനക്കാർക്ക് പരിചരിക്കാൻ കഴിയുന്നതിനും ഏറെയാണ് എത്തുന്ന രോഗികളുടെ എണ്ണം.

നിലവിൽ ആശുപത്രിയിൽ കഴിയുന്ന 71 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. അതേസമയം, അശ്രദ്ധയാണ് മരണകാരണമെന്ന ആരോപണം ആശുപത്രി ഡീൻ ഡോ. ശ്യാംറാവു വക്കോഡെ തള്ളി. ഡോക്ടര്‍മാരുടെയോ മരുന്നുകളുടെയോ അഭാവമില്ലെന്നും കൃത്യമായ പരിചരണം നല്‍കിയിട്ടും രോഗികള്‍ ചികിത്സയോട് പ്രതികരിച്ചില്ലെന്നുമാണ് ശ്യാംറാവു വക്കോഡെയുടെ വാദം.

80 കിലോമീറ്റര്‍ പരിധിയില്‍ മറ്റ് ചികിത്സാകേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ ആളുകളുടെ ഏക ആശ്രയമാണ് ഈ സർക്കാർ ആശുപത്രി. ആശുപത്രിയിലുണ്ടായിരുന്ന മിക്ക ജീവനക്കാരും സ്ഥലം മാറിപ്പോയതോടെ സ്ഥിതി ഗുരുതരമായി. രോഗികളുടെ എന്നതിൽ വര്ധനയുണ്ടായതോടെ യഥാസമയം മരുന്ന് ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്നും അധികൃതർ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ മുഖ്യമന്ത്രി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നിർദ്ദേശിച്ചു.

English Summary: 31 deaths in 48 hrs: What happened at Maharashtra hospital.