വസ്തുതർക്കം; യുപിയിൽ അഞ്ച് കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറു പേരെ വെടിവെച്ച് കൊന്നു

സംഘർഷാവസ്ഥ തുടരുന്നു, വീടുകളും വാഹനങ്ങളും കത്തിച്ചു.

0
288

ലഖ്‌നൗ: രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വസ്തുതർക്കത്തിന്റെ പേരിൽ കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരെ വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടവരിൽ മുൻ ജില്ലാ പഞ്ചായത്തംഗവും ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ ദേവ്‌രിയ ജില്ലയിലാണ് നാടിനെയാകെ നടുക്കിയ ക്രൂരത അരങ്ങേറിയത്. രുദ്രാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫത്തേപൂര്‍ ഗ്രാമത്തില്‍ രാവിലെയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ അച്ഛനും അമ്മയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരുണ്ട്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് തർക്കം തുടങ്ങിയത്. വസ്തുതർക്കത്തെതുടർന്നുള്ള തർക്കം ഏറ്റുമുട്ടലിലും പിന്നീട് വെടിവെപ്പിലും കൂട്ട ആക്രമണത്തിലും കലാശിക്കുകയായിരുന്നു. വർഷങ്ങളായി വസ്തുവിന്റെ പേരിൽ സത്യപ്രകാശ് ദുബെയും മുൻ ജില്ലാ പഞ്ചായത്തംഗവുമായ പ്രേം യാദവും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ വീണ്ടും ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. ഇതിനിടെ, തർക്കത്തെപ്പറ്റി ചോദ്യം ചെയ്യാൻ പ്രേം യാദവ് സത്യപ്രകാശ് ദുബെയുടെ വീട്ടിലെത്തി. വാക്കുതർക്കം മൂർച്ഛിച്ചതോടെ സത്യപ്രകാശും കൂട്ടരും ചേർന്ന് മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പ്രേം യാദവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രമസമാധാന ചുമതലയുള്ള ഐ ജി പ്രശാന്ത് കുമാർ പറഞ്ഞു.

ഇതിന് പ്രതികാരമെന്നോണം പ്രേം യാദവിന്റെ അനുയായികൾ സംഘടിച്ചെത്തി സത്യപ്രകാശ് ദുബെയെയും കുടുംബത്തെയും വെടിവെച്ചുകൊല്ലുകയായിരുന്നു. സത്യപ്രകാശ് ദുബെക്ക് പുറമെ ഭാര്യ കിരൺ ദുബെ, മക്കളായ ഷാലോനി, നന്ദാനി, ഗാന്ധി എന്നിവർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരു മകൻ അൻമോലിനെ ഗുരുതരനിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭയിപൂരിൽ നിന്നെത്തിയ അക്രമിസംഘമാണ് അഞ്ചുപേരെയും വെടിവെച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനുപിന്നാലെ ഗ്രാമത്തിലെമ്പാടും കനത്ത സംഘർഷം ഉടലെടുത്തു. നിരവധി വാഹനങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്തു. വീടുകൾക്ക് നേരെയും കല്ലേറുണ്ടായി. അക്രമികൾ വന്ന വാഹനങ്ങൾ തീയിട്ടു. ഇരു വിഭാഗവും സംഘടിച്ചതോടെ സംഘർഷാവസ്ഥ രൂക്ഷമായി. പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തിൽ ഇതിനകം രണ്ടുപേരെ അറസ്റ്റ് ചെയ്തു. എന്നാൽ, ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഐ ജി പ്രശാന്ത് കുമാർ പറഞ്ഞു. സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

English Summary: Six people were killed after two groups clashed in Uttar Pradesh over land dispute.