തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പിനു മുൻപ് മാതൃഭൂമി പിടിക്കാനുള്ള നീക്കവുമായി സംഘപരിവാർ. രണ്ട് വർഷം മുൻപ് എഡിറ്റർ സ്ഥാനത്തു നിന്നും രാജിവെച്ച് ഏഷ്യാനെറ്റിൽ ചേക്കേറുകയും മാനേജിങ് എഡിറ്റർ സ്ഥാനത്ത് നിയമിക്കപ്പെടുകയും ചെയ്ത മനോജ് കെ ദാസിനെ തിരികെ പത്രാധിപ സ്ഥാനത്ത് എത്തിക്കാനാണ് നീക്കം നടക്കുന്നത്. മാനേജിങ് എഡിറ്റർ പി വി ചന്ദ്രന്റെ മകനും ജോയിന്റ് മാനേജിങ് എിഡിറ്ററുമായ പി വി നിധീഷും ബിജെപിക്കാരനായ ഒരു കേന്ദ്രമന്ത്രിയുമാണ് ഇതിനുള്ള ചരടുവലി നടത്തുന്നത്.
മാതൃഭൂമി എഡിറ്റോറിയൽ വിഭാഗം പൂർണമായും പി വി ചന്ദ്രൻ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. പാരമ്പര്യമായി കോൺഗ്രസിനോട് അനുഭാവം പുലർത്തിയിരുന്ന പി വി സ്വാമിയുടെ കുടുംബം ഇപ്പോൾ സംഘപരിവാറിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ ദൈനംദിന വാർത്താ കാര്യങ്ങളിൽ ഇടപെടാറില്ല. പത്രത്തെ സംഘപരിവാർ അനുകൂല നിലപാടിലേക്ക് കൊണ്ടുവരാൻ കേന്ദ്ര മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് കോർപ്പറേറ്റ് പരസ്യങ്ങൾ ക്യാൻവാസ് ചെയ്തു നൽകുന്നുണ്ട്.
മുൻപ് ഇന്ത്യൻ എക്സ്പ്രസിലും ടൈംസ് ഓഫ് ഇന്ത്യയിലും ജോലി ചെയ്തിട്ടുള്ള മനോജ് കെ ദാസ് രണ്ട് വർഷത്തോളം മാത്രമാണ് മാതൃഭൂമി എഡിറ്ററായി ജോലി ചെയ്തത്. സ്വർണക്കടത്ത് വിവാദം നടക്കുമ്പോൾ മാതൃഭൂമി പത്രത്തിന്റെ എഡിറ്റർ മനോജ് കെ ദാസായിരുന്നു. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കെ ടി ജലീലിനെതിരെയും സർക്കാരിനെതിരെയും വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചത് മനോജ് കെ ദാസ് എഡിറ്റർ സ്ഥാനത്തിരിക്കുമ്പോഴാണ്. കൂടാതെ കെ ടി ജലീൽ സിപിഎമ്മിനു വേണ്ടി വിദേശത്തു നിന്നും പണം പിരിക്കുന്ന ഏജന്റാണെന്നും ,കെ ടി ജലീലിനെ താൻ താഴെയിറക്കുമെന്നും പത്രാധിപ സുഹൃത്തുക്കൾക്കിടയിൽ പറഞ്ഞു നടക്കുകയും ചെയ്തു എന്നാണ് സംസാരം.
മനോജ് കെ ദാസിന്റെ മടങ്ങിവരവിൽ മാതൃഭൂമിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ ആശങ്കയിലാണ്. അദ്ദേഹം മടങ്ങിയെത്തിയാൽ മാതൃഭൂമി വിടാനാണ് പലരുടെയും തീരുമാനം. അധികാരപൂർവമുള്ള മനോജിന്റെ പെരുമാറ്റം സഹപ്രവർത്തകർക്കിടയിൽ നേരത്തേ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഏഷ്യാനെറ്റിലും സമാനമായ ശൈലിയാണ് മനോജ് പിന്തുടർന്നത്. എന്നാൽ നേരത്തെ അവിടെ ജോലി ചെയ്തിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകർ അദ്ദേഹത്തിന്റെ അപ്രമാദിത്വം അംഗീകരിച്ചില്ല. തുടർന്ന് പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തെ ചുമതലകളിൽ നിന്നും മാറ്റി നിർത്തി. ഇപ്പോൾ അപ്രധാനമായ പദവിയാണ് മനോജ് കെ ദാസ് വഹിക്കുന്നത്.