മണിപ്പൂരിലെ മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകം; ആറുപേര്‍ അറസ്റ്റില്‍

പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

0
250

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികളെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിലാണ് അറസ്റ്റ്. അറസ്റ്റിലായവരില്‍ നാലു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്.

പാവോമിൻലുൻ ഹ്യവോകിപ്, മൽസ്വാൻ ഹ്യവോകിപ്, ലിങ്‌നിചോങ്‌ ബെയ്‌തെ, തിന്നെഖോൽ  എന്നിവരടക്കം ആറുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു. പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇംഫാലില്‍ നിന്ന് രണ്ട് സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. നാല് പേര്‍ അസമിലേക്ക് കടന്നതായും സംശയിക്കുന്നു. ഇവർക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി സിബിഐ അറിയിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. കഴിഞ്ഞാഴ്ച ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാണാതായ വിദ്യാർത്ഥികൾക്കായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. മണിപ്പൂരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെയാണ് ഇരുവരെയും കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ഇതോടെ മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ശക്തമായി.

മണിപ്പുരിൽ മെയ്‌തെയ് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർ. ‘എൻഡിടിവി’ പുറത്തുവിട്ട ചിത്രം.

പൊലീസും സൈന്യവും ഒരുമിച്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ പിടികൂടിയത്. ഇവരെ പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേന്‍ സിങ് പ്രതികരിച്ചു. നിയമത്തിന്റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ചുരാചന്ദ്പൂരില്‍ നിന്ന് ഒരു തീവ്രവാദിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. സീമിൻലും ഗാങ്‌തെ എന്നയാണ്‌ ഭീകരപ്രവർത്തനത്തിന്‌ അറസ്‌റ്റിലായത്‌. ഇയാളെ പിന്നീട്‌ ഡൽഹിയിൽ എത്തിച്ചു. ജൂൺ 21 ന്‌ ചുരചന്ദ്‌പ്പുർ-ബിഷ്‌ണുപ്പുർ അതിർത്തിമേഖലയായ ക്വാത്‌കയിൽ ബോംബാക്രമണം നടത്തിയ കേസിലാണ്‌ അറസ്‌റ്റ്‌. മൂന്നുപേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മണിപ്പൂര്‍ പ്രതിസന്ധി മുതലെടുത്ത് ബംഗ്ലാദേശില്‍ നിന്നുമുള്ള ഭീകരര്‍ ചില കുംകി വിമത ഗ്രൂപ്പുകളുമായി കൈകോര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസിലാണ് തീവ്രവാദിയെ അറസ്റ്റ് ചെയ്തത്.

English Summary: Manipur: CM Biren Singh assures ‘maximum punishment’.