‘മറക്കാനാകില്ല, കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എപ്പോഴും’; മുഖ്യമന്ത്രി പിണറായി വിജയൻ

0
211

ജീവിതമാകെ പാർട്ടിക്കുവേണ്ടി സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ കോടിയേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരിയെ കേരളത്തിലെ പൊതുസമൂഹം ഓർക്കുന്നത് ഇന്ന് മാത്രമല്ല. കോടിയേരിയെ ഓർക്കുന്ന നിരവധി കാര്യങ്ങൾ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്പ്പോഴുമുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാർട്ടി നേതാവ് മരണപ്പെടുമ്പോൾ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവർ ചെയ്ത കാര്യങ്ങൾ തലമുറകളിലേക്ക് പടരും. അവർ ഇല്ലാതായാലും അവർ നടത്തിയ പ്രവർത്തനങ്ങൾ അവരെ എല്ലാക്കാലവും ഓർക്കുന്നവരാക്കും.

വർഗീയവാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ധാരാളം ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും തളരാതെ മുന്നോട്ട് നീങ്ങാനുള്ള മനഃസാന്നിധ്യം ഉണ്ടായിരുന്നു കോടിയേരിക്ക്. ജീവിതാവസാനം വരെ അത് നിലനിർത്തുകയും ചെയ്തു. ജീവിതമാകെ പാർടിക്കുവേണ്ടി സമർപ്പിച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി.

പാർട്ടിക്ക് മുകളിലല്ല താൻ എന്ന കമ്യൂണിസ്റ്റ് എളിമബോധം കോടിയേരിക്കുണ്ടായിരുന്നു. കൃത്യമായ പ്രത്യയ ശാസ്ത്ര ബോധവും അടിയുറച്ച സംഘാടനശക്തിയും കോടിയേരിയിൽ കാണാൻ കഴിഞ്ഞു. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനയെ നവീകരിക്കാൻ പ്രവർത്തനങ്ങൾ നടത്തി. പ്രതിസന്ധികളിൽ തളർന്നുപോകുന്നവർക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനം കൂടിയായിരുന്നു കോടിയേരിയുടെ ജീവിതമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ആ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണണമെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു കോടിയേരിയുടെ സവിശേഷതയെന്നും സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാർട്ടി സംഘടനാകാര്യങ്ങളിൽ മുഴുകിയതെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

English Summary: It always feels like Kodiyeri is with us: Pinarayi.