കോൺഗ്രസ് സംഘത്തിന്റെ നിക്ഷേപത്തട്ടിപ്പ്; 13 കോടി മുക്കി, വി എസ്‌ ശിവകുമാറിന്റെ വീട് ഉപരോധിച്ച് നിക്ഷേപകർ

തുക തിരിക ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിയതോടെ പ്രധാന ശാഖ അടച്ചുപൂട്ടി.

0
647
നിക്ഷേപത്തട്ടിപ്പിൽ തുക നഷ്ടമായവർ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട് ഉപരോധിക്കുന്നു.

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സംഘം നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത 13 കോടി രൂപ മുക്കി. കോൺഗ്രസ് നേതാവും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിന്റെ അടുത്ത അനുയായി രാജേന്ദ്രൻ പ്രസിഡന്റായ തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കോടികൾ മുക്കിയത്. 2002ൽ ആരംഭിച്ച സൊസൈറ്റിയിൽ വിവിധയിടങ്ങളിൽ നിന്നായി നൂറുകണക്കിനുപേർ തുക നിക്ഷേപിച്ചിരുന്നു. 300 ലധികം ആളുകളിൽനിന്നും 13 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചുവെങ്കിലും ഒരാൾക്കുപോലും ഇതുവരെ നയാപൈസ തിരിച്ചുകൊടുത്തിട്ടില്ല. തുക തിരിക ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിയതോടെ പ്രധാന ശാഖ അടച്ചുപൂട്ടി ജീവനക്കാർ മുങ്ങി. സൊസൈറ്റിയുടെ നടത്തിപ്പുകാരായ കോൺഗ്രസ് നേതാക്കൾ നിക്ഷേപകരുടെ ഫോൺ പോലും എടുക്കുന്നില്ല.

സൊസൈറ്റിയിലിട്ട തുക തിരിച്ചുകിട്ടാത്ത വന്നതോടെ നിരവധി നിക്ഷേപകർ ഞായറാഴ്ച വി എസ് ശിവകുമാറിന്റെ വീട് ഉപരോധിച്ചു. സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരാണ് പ്രതിഷേധവുമായെത്തിയത്. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചത്. പൊലീസ് എത്തി പ്രതിഷേധക്കാരെ ശിവകുമാറിന്റെ വീട്ടുവളപ്പില്‍ നിന്നും നീക്കി. എന്നാൽ, സ്ത്രീകളടക്കം നിരവധിപേർ ഗേറ്റിന് മുന്നിലും കുത്തിയിരുന്ന് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് നിക്ഷേപകര്‍ അറിയിച്ചു.

സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് മുതലോ പലിശയോ ഇതുവരെ നൽകിയിട്ടില്ല. സൊസൈറ്റി ശിവകുമാറിന്റെ ബിനാമിയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. രണ്ടു വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്ക് പലിശ ലഭിക്കുന്നില്ല. പണം തിരികെ ആവശ്യപ്പെട്ടതോടെ സൊസൈറ്റിയുടെ പ്രധാന ശാഖ അടച്ചുപൂട്ടി. മക്കളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണമാണ് പലര്‍ക്കും നഷ്ടമായത്. പലരുടെയും വിവാഹം മുടങ്ങി. 300 ഓളം പേര്‍ക്കാണ് പണം നഷ്ടമായത്. 13 കോടിയിലേറെ നഷ്ടമായെന്ന് നിക്ഷേപകര്‍ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രന്‍ ശിവകുമാറിന്റെ ബിനാമിയാണെന്ന നിക്ഷേപകര്‍ ആരോപിച്ചു.

2002ൽ വി എസ് ശിവകുമാറാണ് സൊസൈറ്റി ഉദ്ഘാടനം ചെയ്‌തത്. പാർട്ടി സ്ഥാപനമാണെന്നും പണം നിക്ഷേപിക്കണമെന്നും ഭരണസമിതിയിലെ കോൺഗ്രസ് നേതാക്കൾ തന്നെ ആവശ്യപ്പെട്ടതോടെ സാധാരണക്കാർ അടക്കം നിരവധിപേർ തുക നിക്ഷേപിച്ചു. കോൺഗ്രസ് നേതാക്കൾ പറയുന്നതനുസരിച്ച് ചുരുങ്ങിയത് പതിനാറ്‌ കോടിയോളം രൂപ നിക്ഷേപമായി പിരിച്ചു. എന്നാൽ, നാളിതുവരെ ഒരാൾക്കുപോലും തുക തിരിച്ചുകൊടുത്തിട്ടില്ല. അടച്ച തുക തിരിച്ചുകിട്ടാതെ വന്നതോടെ രണ്ടുമാസം മുമ്പ് സ്ത്രീകൾ അടക്കമുള്ളവർ വി എസ്‌ ശിവകുമാറിനെ നേരിട്ട് സമീപിച്ചിരുന്നു. മകളുടെ വിവാഹം നടക്കുകയാണെന്നും അതുകഴിഞ്ഞാലുടൻ വഴിയുണ്ടാക്കാമെന്നും ഉറപ്പുനൽകി. എന്നാൽ, ഒരു തുടർനടപടിയും ഇല്ലാതെ വന്നതോടെയാണ് നിക്ഷേപകർ ഞായറാഴ്ച ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചത്.

എന്നാൽ, ഡിസിസി പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ആണ്‌ ബാങ്ക്‌ ഉദ്‌ഘാടനം ചെയ്‌തതെന്ന്‌ ശിവകുമാർ പറഞ്ഞു. പ്രദേശത്തെ കോൺഗ്രസ്‌ പ്രവർത്തകർ ക്ഷണിച്ചിട്ടാണ്‌ പോയത്‌. നിക്ഷേപകരുമായി സംസാരിച്ചുവെന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത് സെപ്‌തംബര്‍ അവസാന വാരമാണ്. ക്രമക്കേട് ഉണ്ടായ 272 സഹകരണ സംഘങ്ങളിൽ 202ൻ്റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്‌ട്രാറുടെ റിപ്പോർട്ട്.

English Summary: 13 crores investor fraud in Congress Cooperative Society at Trivandrum.