ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങിൽ വീണ്ടും ഇന്ത്യയുടെ സ്വർണവേട്ട

11-ാം സ്വര്‍ണം, മെഡൽപട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചു.

0
240

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് വേണ്ടി പതിനൊന്നാം സ്വർണം നേടിയത്. 361 പോയിന്റോടെയാണ് നേട്ടം. കുവൈത്തിനാണ് വെള്ളി. ചൈന വെങ്കലവും സ്വന്തമാക്കി. വനിതകളുടെ ട്രാപ്പ് 50 വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. രാജേശ്വരി കുമാരി, മനീഷ കീര്‍, പ്രീതി രാജക് എന്നിവരടങ്ങുന്ന ടീമാണ് മെഡല്‍ സ്വന്തമാക്കിയത്. 337 പോയിന്റോടെയാണ് നേട്ടം. 356 പോയിന്റോടെ ചൈനീസ് സഖ്യമാണ് ഒന്നാമതെത്തിയത്. ഇതോടെ ഷൂട്ടിങ്ങില്‍ മാത്രം ഇന്ത്യയുടെ മെഡല്‍ നേട്ടം 21 ആയി.

ഗോള്‍ഫില്‍ ഇന്ത്യ ചരിത്രനേട്ടം കുറിച്ചു. ഇന്ത്യയുടെ അതിദി അശോക് രാജ്യത്തിനായി വെള്ളിമെഡൽ നേടി. ഗോള്‍ഫില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന ചരിത്രനേട്ടമാണ് അദിതി സ്വന്തമാക്കിയത്. തായ്ലന്‍ഡിന്റെ യുബോൾ അർപ്പിച്ചായക്കാണ് സ്വര്‍ണം. റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ യോ ഹ്യൂൻഷോ വെങ്കലവും സ്വന്തമാക്കി.

സ്‌ക്വാഷ് പുരുഷ ടീം ഇനത്തില്‍ 2-1ന് പാകിസ്ഥാനെ വാശിയേറിയ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണപ്പതക്കമണിഞ്ഞത്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ താരം അഭയ് സിങ് പാകിസ്താന്റെ സമാന്‍ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്‌കോറിനാണ് തോല്‍പിച്ചത്. ആദ്യ സെറ്റ് അഭയ് സിങ് നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റ് സമാന്‍ നൂര്‍ സ്വന്തമാക്കി. നാലും അഞ്ചും സെറ്റില്‍ വീറോടെ പോരാടിയാണ് അഭയ് സിങ് വിജയം പിടിച്ചെടുത്തത്.

ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി. അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഉസ്‌ബെക്കിസ്ഥാൻ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കുതിച്ചു. 11 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള മെഡൽ സമ്പാദ്യം.

English Summary: Aditi Ashok, women’s trap team bag silver.