പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം ‘കുട്ടിശങ്കരൻ’ വീണ്ടും കാടു വിട്ട് നാട്ടിലേക്ക്. ബിമ്മരം, അള്ളുങ്കൽ വനത്തിൽനിന്ന് ചിറ്റാർ അള്ളുങ്കൽ ഇഡിസിഎൽ ജല വൈദ്യുത പദ്ധതിക്കു സമീപത്തുകൂടി കക്കാട്ടാറ് കടന്ന് എത്തിയ കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിലെ കറക്കത്തിനുശേഷം രാവിലെ വീണ്ടും കാടു കയറി. ആന ഇനിയും എത്തുമെന്ന ആശങ്കയിലാണ് സ്ഥലവാസികൾ. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിറ്റാർ ചപ്പാത്ത്, സമീപ റബർ തോട്ടത്തിലെ കൈതകൃഷി, ഊരാൻപാറയ്ക്കു സമീപത്തെ കൃഷിയിടം തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടിശങ്കരന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇന്നലെ രാവിലെ കൈതത്തോട്ടത്തിൽ നിന്നാണ് ആറ്റിലേക്ക് ഇറങ്ങിവന്നത്.
മറ്റുള്ള കാട്ടാനകളെ അപേക്ഷിച്ച് കുട്ടി ശങ്കരൻ ഭക്ഷണ കാര്യത്തിൽ ‘ഡീസന്റ്’ ആണെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. റബർ തോട്ടത്തിലെ വാഴകളാണ് പ്രധാന ഭക്ഷണം. അത്യാവശ്യം വേണ്ടവമാത്രം കഴിക്കും. വരുംദിവസത്തേക്കു ബാക്കിവച്ച ശേഷമാകും മടക്കം.കുട്ടിശങ്കരനെ തുരത്താൻ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ ദിവസവും എത്താറുണ്ട്. പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും ഓടിക്കാൻ ശ്രമിക്കും. ചില ദിവസം ഇവയൊന്നും കണ്ടഭാവം നടിക്കില്ല. തോന്നുമ്പോൾ തിരികെ പോകും. എങ്കിലും രാവിലെ 8 മണിവരെ മിക്ക ദിവസവും ഉണ്ടാവും. ആറ്റിലിറങ്ങിയാലും ചില ദിവസങ്ങളിൽ ഏറെ സമയം വെള്ളത്തിൽ കിടന്ന് നീന്തിത്തുടിച്ച ശേഷമാകും കാട് കയറുക.
അള്ളുങ്കൽ പദ്ധതിക്കു താഴെയുള്ള കക്കാട്ടാറ്റിലെ കടവിൽ കുറെ സമയത്തെ കുളി കഴിഞ്ഞാണ് ഇന്ന് കാട് കയറിയത്. കഴിഞ്ഞ തവണ എത്തിയ പാതയിൽകൂടി തന്നെയാണ് ഇപ്രാവശ്യവും കുട്ടിശങ്കരന്റെ വരവ്. അന്ന് ദിവസങ്ങളോളം ആറ് കടന്ന് ആന കൃഷിയിടങ്ങളിൽ എത്തിയിരുന്നു.