ബോക്സ് ഓഫീസ് വേട്ടക്കിറങ്ങി ‘കണ്ണൂർ സ്ക്വാഡ്’

കേരളത്തിലെ ജയിലറെ മറികടക്കുമെന്ന് റിപ്പോർട്ട്.

0
4260

മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’ ബോക്സ് ഓഫീസിൽ കുതിപ്പിനൊരുങ്ങുകയാണ്. റിലീസ് ചെയ്ത് രണ്ടാം ​ദിവസം പിന്നിട്ടപ്പോൾ ആദ്യ ദിനത്തേക്കാൾ കൂടുതൽ കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. വലിയ പ്രൊമോഷൻ പരിപാടികളും ആഘോഷങ്ങളുമൊന്നുമില്ലാതെ റിലീസ് ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധനേടുന്നത്. ആദ്യ ദിവസം കഴിഞ്ഞതോടെ കേരളത്തിലെ തിയേറ്ററുകളിൽ കണ്ണൂർ സ്ക്വാ‍ഡിന്റെ ഷോകളുടെ എണ്ണവും കൂടി. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് ‘കണ്ണൂർ സ്ക്വാഡ്’ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ വമ്പൻ തിരക്കായിരുന്നു. കുടുംബസമേതം ആളുകൾ ടിക്കറ്റിനായി തിക്കിത്തിരക്കി. സെക്കന്റ് ഷോ കാണാനെത്തിയ പലർക്കും ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിയും വന്നു.

വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നു. ഇതോടെ 5.15 കോടിയാണ് ചിത്രം ഇന്നലെ വരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ആ​ഗോളതലത്തിൽ 12.1 കോടിയും കണ്ണൂർ സ്ക്വാഡിന് നേടാനായിട്ടുണ്ട്.

ഇന്നും നാളെയും അവധി ദിവനമായതിനാൽ കളക്ഷൻ കണക്കുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മമ്മൂട്ടിയുടെ പ്രായത്തിനൊത്ത കഥാപാത്രമാണ് സിനിമയിലേത് എന്നും മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും സംഭാഷണങ്ങളും മികച്ചു നിൽക്കുന്നതായുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘ഗ്രേറ്റ് ഫാദർ’, ‘പുതിയ നിയമം’, ‘ജോൺ ലൂദർ’ പോലുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’.

സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ് ‘ എന്ന സിനിമയുടെ വിജയമെന്നും പി ആർ ഒ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിലെ മറ്റു ഘടകങ്ങളൊന്നും ഒരു മനുഷ്യനും ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആ ഒളിപ്പിച്ചുവയ്ക്കലിന്റെ ഫലമാണ് ഇപ്പോള്‍ സിനിമ കണ്ടിറങ്ങുന്നവരുടെ നാവിലൂടെയും സ്മാർട്ട്‌ ഫോണിലൂടെയും നാടെങ്ങും നിറയുന്നത്. പ്രേക്ഷകന്റെ നാവാണ് ഇന്ന് ഏറ്റവും വലിയ പ്രമോഷന്‍ ഉപകാരണമെന്നും റോബർട്ട് കുറിപ്പിൽ പറഞ്ഞു.

കണ്ണൂര്‍ സ്ക്വാഡ് സിനിമയുടെ വിജയത്തിന് നന്ദി അറിയിച്ച് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്‍റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നുമാണ് ചിത്രത്തിലെ നായകന്‍ കൂടിയായ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.

തമിഴ് ചിത്രമായ ജയിലർ ആണ് നിലവിൽ കേരള കളക്ഷനിൽ മുന്നിലുള്ള ചിത്രങ്ങളിലൊന്ന്. ആദ്യ രണ്ട് ദിനങ്ങളിലായി കേരളത്തിൽ നിന്നുമാത്രം നേടിയത് പത്ത് കോടിയോളം രൂപയാണ്. ആദ്യദിനം 5.85കോടി, രണ്ടാം ദിനം 4.80 കോടി എന്നിങ്ങനെയാണ് ജയിലറിന്റെ രണ്ട് ദിവസത്തെ കളക്ഷൻ.

English Summary: Mammootty’s excellent acting in Kannur Squad.