പൊതുവേദിയിൽ വനിതാ എംഎൽഎയെ കടന്നുപിടിച്ച്‌ ബിജെപി എംപി; ഒടുവിൽ സീറ്റ് മാറി വനിതാ നേതാവ്

മന്ത്രിമാരടക്കം മുതിർന്ന ബിജെപി നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് എംപി അപമര്യാദയായി പെരുമാറിയത്.

0
316

അലിഗഢ്‌: ഉത്തർപ്രദേശിലെ അലിഗഢിൽ പൊതുപരിപാടിക്കിടെ വേദിയിൽവച്ച്‌ വനിതാ എംഎൽഎയെ കടന്നുപിടിച്ച ബിജെപി എംപിയുടെ നടപടി വിവാദത്തിൽ. ശല്യം സഹിക്കാനാകാതെ വനിതാ നേതാവ് ഒടുവിൽ സീറ്റ് മാറി. അലിഗഢിലെ ബിജെപി എംപി സതീഷ് കുമാർ ഗൗതമാണ് അലിഗഢിലെ തന്നെ വനിതാ എംഎൽഎയെ കടന്നുപിടിച്ചത്. സെപ്തംബർ 25ന് അലിഗഢിൽ സംഘടിപ്പിച്ച പരിപാടിയിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബിജെപി മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സതീഷ് ഗൗതം എംപിയുടെ അനുചിത നടപടി.

ദീൻദയാൽ ഉപാധ്യായ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വനിതാ എംഎൽഎയെ ബിജെപി എംപി സതീഷ് ഗൗതം കടന്നുപിടിച്ചത്. വേദിയിൽ ഇരിക്കുന്ന വനിതാ എംഎൽഎയുമായി സംസാരിക്കുന്നതിനിടെ അവരുടെ കയ്യിൽ തെരുതെരെ പിടിക്കുന്നതും വിരലുകൾ കൂട്ടി അമർത്തുന്നതും കാണാം. പലവട്ടം ഇതാവർത്തിച്ചപ്പോൾ വനിതാ എംഎൽഎ അസ്വസ്‌ഥത പ്രകടിപ്പിച്ചു. പലതവണ അനുചിതമായി സ്‌പർശിച്ച എംപിയോട്‌ കയർക്കുന്നത്‌ ദൃശ്യങ്ങളിൽ കാണാം. എന്നിട്ടും എംപി കൈ മാറ്റാൻ തയ്യാറായില്ല. ഇതിനിടയിലാണ് എന്തോ പറഞ്ഞ് വെളുക്കെ ചിരിച്ച് എംഎൽഎയുടെ തോളത്ത് കൈവച്ച്‌ സതീഷ് ഗൗതം ചേർത്തുപിടിച്ചത്. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ അവർ സദസിലെ കസേരയിലേക്ക് മാറിയിരുന്നു.

കോൾ എംഎൽഎ അനിൽ പരാശർ, ശ്രീറാം ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച ദീൻദയാൽ ഉപാധ്യായ അനുസ്മരണ ചടങ്ങിൽ ഉത്തർപ്രദേശ് ഗതാഗതമന്ത്രി ദയശങ്കർ സിങ്, ഉന്നത വിദ്യാഭ്യാസമന്ത്രി യോഗേന്ദ്ര ഉപാധ്യായ, മുൻ മേയർ ശകുന്തള ഭാരതി, ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പൂനം ബജാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിജയ് സിങ് എന്നിവർ സാന്നിധ്യത്തിലാണ് സതീഷ് ഗൗതം വനിതാ എംഎൽഎയോട് അപമര്യാദയായി പെരുമാറിയത്. എംപി വനിതാ എംഎൽഎയോട് അനുചിതമായി പെരുമാറുന്നതും അവർ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും മറ്റൊരു ബിജെപി എംഎൽഎ ബറോലി താക്കൂർ ജയ്‌വീർ സിങ് രോഷത്തോടെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ എംപിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. ഇതാണ്‌ യഥാർത്ഥ ബിജെപി സംസ്‌കാരമെന്ന്‌ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ബിജെപി ഭരണത്തിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഘപരിവാറിന്റെ സംസ്കാരമാണ് ബിജെപി എംപി പ്രകടിപ്പിച്ചതെന്ന കടുത്ത വിമർശനവും സമൂഹ മാധ്യമങ്ങളിൽ നിറയുന്നു.

English Summary: BJP MP Satish Gautam Touches Woman MLA Inappropriately At Aligarh Event.