ലോക്‌സഭ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് ലീഗ്, അധികസീറ്റിന് അർഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

നേതൃയോഗം ചേർന്ന് യുഡിഎഫിൽ നിലപാട് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി.

0
882

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ മുസ്ലിംലീഗ്. അടുത്തുതന്നെ ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിൽ ഇക്കാര്യം കർക്കശമായി ഉന്നയിക്കാൻ ലീഗ് നേതൃത്വത്തിൽ ധാരണയായി. മൂന്നാമത്തെ സീറ്റിന്റെ കാര്യത്തിൽ ഇക്കുറി വിട്ടുവീഴ്ച വേണ്ടെന്നും ഈ വിഷയത്തിലുള്ള ഉറച്ച നിലപാട് യുഡിഎഫിൽ അറിയിക്കാനും തീരുമാനായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് അധികസീറ്റിന് അർഹതയുണ്ടെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരസ്യ പ്രതികരണവും ഇത് ശരിവെക്കുന്നു. ഇത്തവണ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വെക്കുമെന്ന് ‘നേരറിയാൻ ഡോട്ട് കോം’ സെപ്തംബർ 25 നു റിപ്പോർട്ട് ചെയ്തിരുന്നു.

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുസ്ലിം ലീഗിന് മൂന്നാമതൊരു ലോക്‌സഭാ സീറ്റ് ആവശ്യപ്പെടാനുള്ള അർഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വെട്ടിത്തുറന്ന് പറഞ്ഞത്. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഇത് സംബന്ധിച്ച ചര്‍ച്ചയൊന്നും തുടങ്ങിയില്ല. ലീഗിന് അങ്ങനെയൊരു ആവശ്യം ഉന്നയിക്കാനുള്ള എല്ലാ അര്‍ഹതയും ഉണ്ടല്ലോ.’ എന്നായിരുന്നു ചോദ്യത്തിന് മറുപടിയായി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

മലപ്പുറം ജില്ലക്ക് പുറമെ വടക്കൻ കേരളത്തിൽ പുതുതായി ഒരു സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇക്കാര്യം അടുത്ത യു ഡി എഫ് യോഗത്തിൽ ശക്തമായി ഉന്നയിക്കാനും തീരുമാനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും സമാന ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും കോൺഗ്രസ് അത് അനുവദിച്ചില്ല. മൂന്നാമത്തെ സീറ്റിന്റെ കാര്യത്തിൽ ഇക്കുറി വിട്ടുവീഴ്ച വേണ്ടെന്നും യുഡിഎഫിൽ തീരുമാനമുണ്ടാക്കണമെന്നുമാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്.

വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഏതെങ്കിലും ഒരു സീറ്റാണ് ലീഗ് ആവശ്യപ്പെടുന്നത്. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുകയാണെങ്കിൽ കാസർകോട് സീറ്റ് ചോദിക്കാനാണ് തീരുമാനം. രാഹുൽ ഇല്ലാത്തപക്ഷം വയനാട് വേണമെന്നതിൽ ഉറച്ചുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിൽ കോൺഗ്രസിനേക്കാളേറെ മുസ്ലിംലീഗ് വോട്ടുകളാണ് യുഡിഎഫിന്റെ വിജയം നിർണയിക്കുന്നതെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. നിലവില്‍ അബ്ദുസമദ് സമദാനി (മലപ്പുറം), ഇ ടി മുഹമ്മദ് ബഷീർ (പൊന്നാനി) എന്നിവരാണ് മുസ്ലിംലീഗിന്റെ ലോക്സഭാംഗങ്ങൾ.

English Summary: Muslim league deserves third seat P K kunhalikutty.