കരുവന്നൂർ ബാങ്ക്; വ്യാജരേഖ ചമച്ചും കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഇ ഡി

വ്യാജമൊഴി നൽകണമെന്നാവശ്യപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥര്‍ അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടെ മർദിച്ചിരുന്നു.

0
239

തൃശൂർ: കരുവന്നൂർ ബാങ്ക് കേസിന്റെ പേരിൽ സിപിഐ എം നേതാവ് പി ആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യാൻ ഇ ഡി വ്യാജരേഖ ചമച്ചതിന്റെ തെളിവുകൾ പുറത്ത്. പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന് കാട്ടിയാണ് ഇ ഡി അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഇ ഡി കോടതിയില്‍ നല്‍കിയത് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍. ഇ ഡി സമര്‍പ്പിച്ച രേഖകളില്‍ പറയുന്ന ചന്ദ്രമതി നേരത്തെ മരിച്ചിരുന്നു. വ്യാജരേഖകൾ സമർപ്പിച്ച് പി ആർ അരവിന്ദാക്ഷനെ കുടുക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

പെരിങ്ങണ്ടൂർ സ​ഹകരണബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നായിരുന്നു ഇ ഡിയുടെ വാദം. റിമാൻഡ്‌ റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്‌. ഇത് അരവിന്ദാക്ഷന്റെ ബിനാമി നിക്ഷേപമാണെന്നായിരുന്നു ഇ ഡി പറഞ്ഞത്. ഇതിനായി ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളും സമർപ്പിച്ചു. എന്നാൽ ഇത് പ്രദേശവാസി തന്നെയായ മറ്റൊരു ചന്ദ്രമതിയുടേതാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. ഇവർ മരണമടഞ്ഞിരുന്നു. മകൻ ശ്രീജിത്തിനെയാണ് നോമിനിയായി നൽകിയിരിക്കുന്നത്. ഈ അക്കൗണ്ടിലെ നിക്ഷേപമാണ് പി ആര്‍ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് ആണെന്ന വ്യാജേന ഇഡി വാദിച്ചത്. പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ പെൻഷൻതുക മാത്രമാണ് എത്തുന്നത് എന്നിരിക്കെയാണ് മരിച്ചുപോയ വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങൾ ഉപയോ​ഗിച്ച് പി ആർ അരവിന്ദാക്ഷന് ബിനാമി നിക്ഷേപമുണ്ടെന്ന് വരുത്തിതീർക്കാൻ ഇഡി ശ്രമിച്ചത്.

അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലൂടെ 63,56,460 രൂപയുടെ ബിനാമി ഇടപാടുകള്‍ നടന്നു എന്നാണ് CRPC 167 പ്രകാരം ഇ ഡി നല്‍കിയ ജുഡീഷ്യല്‍ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ അക്കൗണ്ടിലെ നോമിനിയായി മകന്‍ എന്ന പേരില്‍ കാണിച്ചിട്ടുള്ള ശ്രീജിത്ത് ബിനാമിയാണെന്നും ചന്ദ്രമതിക്ക് ഇങ്ങനെയൊരു മകനില്ല എന്നും പറയുന്നു. അതേസമയം മരിച്ചു പോയ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് രേഖകളാണ് ഈ വാര്‍ത്ത കെട്ടിച്ചമക്കാനായി ഇ ഡി ഉപയോഗിച്ചത്. ഇവരുടെ മകന്‍ ശ്രീജിത്ത് അക്കൗണ്ടിലെ നോമിനിയുമാണ്. അരവിന്ദാക്ഷന്റെ പിതാവിന്റെ പേരും മരിച്ചു പോയ ചന്ദ്രമതിയുടെ ഭര്‍ത്താവിന്റെ പേരും രാഘവന്‍ എന്നു തന്നെ ആയതും വ്യാജരേഖ ചമയ്ക്കുന്നത് ഇഡിക്ക് എളുപ്പമാക്കി. തന്റെ പിതാവിനെ ഇ ഡി മനപൂര്‍വം കുടുക്കുകയായിരുന്നു എന്ന് അരവിന്ദാക്ഷന്റെ മകള്‍ ആതിര പറയുന്നു.

ഒരാളെ വേട്ടയാടാന്‍ തീരുമാനിച്ചാല്‍ ഇ ഡി ഏതറ്റം വരെയും പോകും എന്നതിന് തെളിവാണ് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിന്റെ പേരില്‍ പി ആര്‍ അരവിന്ദാക്ഷനെ കുടുക്കിയത്. ആർഎസ്എസിനുവേണ്ടി വിടുപണി ചെയ്യുന്ന ഇ ഡിയുടെ വ്യാജരേഖ വെച്ച് മാധ്യമങ്ങൾ വാർത്ത കൊഴുപ്പിക്കുകയും ചെയ്തു. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് 63 ലക്ഷം രൂപ ബിനാമി നിക്ഷേപം ഉണ്ടെന്നായിരുന്നു ഇഡി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമ വാര്‍ത്തകള്‍. ബിനാമി നിക്ഷേപത്തിന്റെ പേര് പറഞ്ഞ് മലയാളി വാർത്ത അടക്കമുള്ള ചില മഞ്ഞ ഓൺലൈനുകാർ അരവിന്ദാക്ഷനെ കുഴൽപ്പണ തലവൻ വരെയാക്കി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അരവിന്ദാക്ഷന്റെ കുടുംബം.

സിപിഐ എം നേതാക്കളുടെ പേര് പറയാനും വ്യാജമൊഴി നൽകാനുമായി ഇ ഡി ഉദ്യോഗസ്ഥര്‍ അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടെ മർദിച്ചിരുന്നു. ഇതിൽ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമായാണ് ഇഡി സംഘം വീട്ടിലെത്തി അദ്ദേഹത്തെ തിടുക്കത്തില്‍ അറസ്റ്റു ചെയ്തത്. ഇത് ന്യായീകരിക്കാനാണ് വ്യാജരേഖകള്‍ ഉപയോഗിച്ചത്. ഇത് വ്യക്തമാക്കുന്ന രേഖകളാണ് കൈരളി ന്യൂസ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ മരിച്ചു പോയ ചന്ദ്രമതിയുടെ പേരിലുള്ള റേഷന്‍ കാര്‍ഡില്‍ ഭര്‍ത്താവ് രാഘവന്‍, മകന്‍ ശ്രീജിത്ത് എന്നിവരുടെ പേരുകളും വ്യക്തമാണ്. രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തിൽ വ്യാജ തെളിവ് സൃഷ്ടിച്ചെടുത്ത് നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന അന്വേഷണ ഏജൻസിയായി ഇ ഡി മാറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.