മണിപ്പൂർ; സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി, മുഖ്യമന്ത്രി ബിരേൻസിങ് കാര്യങ്ങള്‍ വഷളാക്കി

ബീരേന്‍സിംഗില്‍ അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വം, ജെ പി നഡ്ഡക്ക് കത്ത്

0
143

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ സ്വന്തം സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രി എന്‍ ബീരേന്‍സിങ്ങാണ് കാര്യങ്ങൾ ഇത്രയേറെ വഷളാക്കിയതെന്ന് കാട്ടി ബിജെപി സംസ്ഥാന നേതാക്കൾ ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡക്ക് കത്തയച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച പറ്റി. സർക്കാരില്‍ തങ്ങൾക്കുള്ള അതൃപ്തി പ്രകടമാക്കുന്നതാണ് കത്ത്.

ബിജെപി മണിപ്പുർ സംസ്ഥാന പ്രസിഡന്റ് എ ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് കൈമാറിയത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ പറയുന്നു. ബീരേന്‍ സിംഗ് സർക്കാരിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാണ്. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. തങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന അഭ്യർഥനയും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ഇരുപതും പതിനേഴും വയസുള്ള രണ്ട്‌ മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതോടെയാണ് മണിപ്പൂർ വീണ്ടും കലാപഭൂമിയായത്.
അതിനിടെ, സംഘർഷം തുടരുന്ന മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ കുടുംബവീടിനുനേരെയും ആക്രമണമുണ്ടായി. കഴിഞ്ഞദിവസം രാത്രിയിലാണ് അഞ്ഞൂറോളം വരുന്ന സംഘം ഇംഫാലിലെ ഹീൻഗാങ്‌ മേഖലയിൽ സ്ഥിതിചെയ്യുന്ന വീട്‌ ലക്ഷ്യമാക്കി നീങ്ങിയത്‌. 200 മീറ്റർ അകലെ പൊലീസ്‌ തടഞ്ഞു. പൊലീസിനെ തള്ളിമാറ്റി പ്രക്ഷോഭകർ നീങ്ങാൻ ശ്രമിച്ചപ്പോൾ കണ്ണീർവാതകം പ്രയോഗിച്ചു. സംഘടിച്ചെത്തിയ അക്രമിക്കൂട്ടത്തെ നേരിടാൻ പൊലീസ്‌ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ചിലരെ കസ്റ്റഡിയിലെടുത്തു. രണ്ടുദിവസം മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വീടിനുനേരെയും ആക്രമണമുണ്ടായിരുന്നു. ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസിനു തീയിടുകയും ചെയ്തു.

മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെയും ഗവർണർ അനുസുയ യുക്കിയുടെയും വസതിക്ക് മുന്നിൽ പ്രതിഷേധം തുടരാനാണ് മെയ്തെയ് വിഭാഗത്തിന്റെ തീരുമാനം. മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണം, വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. വിദ്യാർത്ഥികളുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം മണിപ്പൂരിൽ തുടരുകയാണ്. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു എന്ന സൂചനകൾ പുറത്ത് വരുന്നുണ്ടെങ്കിലും ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

English Summary: Mob tries to attack Manipur CM N Biren Singh’s ancestral house.