ഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കി; അന്വേഷണം വേണമെന്ന് കുടുംബം

ബിസിനസ് ആവശ്യങ്ങൾക്കായി ജെയ്പൂരിലേക്ക് പോയ സുജാതനെ കാണാതായിരുന്നു.

0
253

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ദ്വാരകയിൽ താമസിക്കുന്ന തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി പി സുജാതനെ (60)യാണ് പാർക്കിൽ മരിച്ച നിലയിൽ കണ്ടത്. പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. ദ്വാരക കക്രോളയിലാണ് സംഭവം. കൊലപാതകമെന്നാണ് സംശയമുയർന്നിരിക്കുന്നതു. എസ്എൻഡിപി ശാഖ സെക്രട്ടറിയാണ് സുജാതൻ. സുജാതൻ്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

മുപ്പത് വർഷത്തോളമായി ഡൽഹി ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനുസമീപമാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി ജെയ്പൂരിലേക്ക് പോയ സുജാതനെ കാണാതായിരുന്നു. ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീടിനടുത്തുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുന്നത്. ബന്ധുക്കളും പൊലീസും എത്തിയാണ് മൃതദേഹം സുജാതൻ്റേതാണെന്ന് തിരിച്ചറിയുന്നത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കവർച്ച ലക്ഷ്യമിട്ടാണെന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. മൃതദേഹം ഹരിനഗർ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്ന സുജാതന് അടുക്കള ഉപകരണങ്ങളുടെ ബിസിനസായിരുന്നു. സംസ്കാരം പിന്നീട് ഡൽഹിയിൽ. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ (കോളജ് വിദ്യാർഥി).

English Summary: Social activist from Kerala was found dead in Delhi.