വീരപ്പൻ വേട്ടയ്‌ക്കിടെ കൂട്ടബലാത്സം​ഗം; കുറ്റക്കാരായ 215 സർക്കാർ ഉദ്യോഗസ്ഥരുടെ ശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി

പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി അതിജീവിതര്‍ക്ക് 10 ലക്ഷം നൽകണമെന്നും ഉത്തരവിട്ടു.

0
405

ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ ആദിവാസി സ്ത്രീകളെ കൂട്ടബലാത്സം​ഗം ചെയ്ത വച്ചാത്തി കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. തടവുശിക്ഷ വിധിച്ച ധർമപുരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ ജസ്റ്റിസ് പി വേൽമുരുകൻ തള്ളി. 18 ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നതും ക്രൂരത, കൊള്ള തുടങ്ങിയ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് ജസ്റ്റിസ് പി വേൽമുരുകൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. 215 സ‍ർക്കാർ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധി ശരിവെച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. 2011ലെ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ മ​ദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കൂട്ടബലാത്സംഗ കേസിൽ 2011ലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

1992-ൽ വീരപ്പനെ പിടികൂടാനായെത്തിയ ഉദ്യോഗസ്ഥർ ഗോത്രസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 18 ആദിവാസി യുവതികളെയാണ് പൊലീസ് – വനംവകുപ്പ് – റവന്യു ജീവനക്കാരടങ്ങുന്ന 269-ഓളം സർക്കാരുദ്യോഗസ്ഥർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. 100ലേറെ പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥ സംഘം ഗ്രാമം മുഴുവൻ കൊള്ളയടിച്ചു. പത്തു വർഷം വരെയുള്ള തടവുശിക്ഷയാണ് ഇവർക്ക് വിചാരണക്കോടതി വിധിച്ചത്. ഇതു ശരിവച്ച ഹൈക്കോടതി അതിക്രമത്തിന് ഇരയായവർക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിൽ പകുതി ശിക്ഷിക്കപ്പെട്ടവരിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു.

കലാപ സമയത്ത് ചുമതലയിലുണ്ടായിരുന്ന ജില്ലാ കളക്ടര്‍, ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്പി എന്നിവര്‍ക്കെതിരെ നടപടിയെടുക്കണം. ഓരോ അതിജീവിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കണം. കലാപത്തിനിരയായവര്‍ക്ക് അനുയോജ്യമായ ജോലി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. വച്ചാത്തി ഗ്രാമത്തിന്‍റെ ജീവിതനിലവാരം ഉയർത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസിൽ വിചാരണ നടക്കുന്നതിനിടെ ജസ്റ്റിസ് പി വേൽമുരുകൻ വച്ചാത്തി ഗ്രാമം സന്ദർശിച്ചിരുന്നു. ഇവിടെവെച്ച് അദ്ദേഹം ക്രൂരതക്കിരയായവരുമായും ഇരകളുമായും സംസാരിക്കുകയും ചെയ്തു.

1992 ജൂണ്‍ 20ന് ധർമ്മപുരി ജില്ലയിലാണ് വീരപ്പൻ വേട്ടയുടെ മറവിൽ സർക്കാർ ഉദ്യോഗസ്ഥർ ആദിവാസി യുവതികളെ കൂട്ട കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വീരപ്പനെ സഹായിക്കുന്നുവെന്നാരോപിച്ച് ഗ്രാമം വളഞ്ഞ ഉദ്യോ​ഗസ്ഥ‍ർ കാട്ടിക്കൂട്ടിയത് കൊടും ക്രൂരതയായിരുന്നു. ഗ്രാമത്തിലെ കുടിലുകൾ തല്ലിത്തകർത്ത സംഘം സാധനങ്ങൾ എടുത്തുകൊണ്ടുപോയി. 90 സ്ത്രീകളെയും 28 കുട്ടികളെയും മൂന്ന് മാസമാണ് തടവിലിട്ടത്. 1995ൽ മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

വച്ചാത്തി കേസിൽ 126 വനംവകുപ്പുദ്യോഗസ്ഥരും 84 പൊലീസുകാരും അഞ്ചു റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് 2011 സെപ്റ്റംബറിൽ സെഷൻസ് കോടതി കണ്ടെത്തിയത്. പ്രതികളായ 54 പേർ വിചാരണക്കാലയളവിൽ മരിച്ചു. സിപിഐ എം പ്രവർത്തകരുടെ ഇടപെടലോടെയാണ് വച്ചാത്തി ആദിവാസി ഗ്രാമത്തിൽ വനംവകുപ്പുകാരും പൊലീസും നടത്തിയ കൊടുംപീഡനവും ലോക്കപ്പ്‌ മർദനവും പുറംലോകം അറിഞ്ഞത്.

English Summary: Madras High Court also directed the State government to pay ₹10 lakh compensation to 18 women.