കറാച്ചി: പാകിസ്ഥാനില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ വൻ സ്‌ഫോടനം. ബലൂചിസ്താന്‍ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമായിരുന്നു ചാവേർ ബോംബാക്രമണം. സ്‌ഫോടനത്തിൽ ചുരുങ്ങിയത് 52 പേര്‍ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
130ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്നും ‘വന്‍ സ്ഫോടന’മാണ് ഉണ്ടായതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താ ഉള്‍ മുനിം പറഞ്ഞു. മരിച്ചവരില്‍ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും (ഡിഎസ്പി) ഉള്‍പ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്തുങ്ങിന്റെ ഡിഎസ്പി നവാസ് ഗഷ്‌കോരിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
നബിദിനാഘോഷം നടന്ന പള്ളിക്കടുത്താണ് സ്ഫോടനം നടന്നത്. സംഭവം ചാവേര്‍ ആക്രമണമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ‘ഭീകര സംഘടനകൾ’ നടത്തിയ സ്ഫോടനമാണിതെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
English Summary: Pakistan; The explosion took place when people were gathering to mark Eid Miladun Nabi.