റംലാ ബീഗം; മാപ്പിളപ്പാട്ടിന്റെ തരിവളകിലുക്കം

ഇസ്ലാമിക കഥാപ്രസംഗത്തെയും മാപ്പിളപ്പാട്ടിനെയും ജനകീയമാക്കിയ ഗായിക.

0
419

തിരുവനന്തപുരം: ‘വമ്പുറ്റ ഹംസ റലിയുല്ലാഹി’ എന്ന പാട്ട് ആലപ്പുഴ റംലാ ബീഗം വേദികളിൽ പാടുമ്പോൾ വല്ലാത്തൊരു ഊർജമാണ് ആസ്വാദകർക്ക്. ‘ഹംസർ സഫിയുള്ള കാവൽ വെച്ചുള്ള സംഭരമിൽ ചെന്ന് കേറെടാ, ബൈറൂൽ ബറാത്തിബിയാർ കുളത്തിന് ധൈരിയമുണ്ടെങ്കിൽ കോരെടാ’ എന്ന വരി എത്തുമ്പോഴേക്കും ആസ്വാദകവൃന്ദം ആ പാട്ടാകെ ഏറ്റെടുക്കും. ഇങ്ങനെ മാപ്പിളപ്പാട്ട് വേദിയെ ഇത്രയേറെ ചടുലമാക്കിയ മറ്റൊരു ഗായിക കേരളത്തിലുണ്ടായിട്ടില്ല. റംലാ ബീഗത്തിന്റെ ഓരോ പാട്ടും അങ്ങനെ കേരളം സ്വയം ഏറ്റെടുത്തു. കഥാപ്രസംഗവും, പ്രത്യേകിച്ച് ഇസ്ലാമിക കഥാപ്രസംഗങ്ങൾ മനസ് തൊടുവിധം അവതരിപ്പിച്ച ഒരു കലാകാരി ഇല്ലതന്നെ. എത്ര ചടുലമാർന്നതാണെങ്കിലും വേഗമേറിയതാണെങ്കിലും മൈക്കിനുമുന്നിൽ, കാലു കൊണ്ട് താളമിട്ടും ഒരു കൈ കൊണ്ട് തട്ടം ഇടയ്ക്കിടെ വലിച്ചുപിടിച്ചും റംല ബീഗം അവതരിപ്പിച്ച പാട്ടുകൾ അത്രക്കേറെ മനോഹാരിത നിറഞ്ഞതായിരുന്നു.

ആലപ്പുഴ ആയിഷ ബീഗവും ആലപ്പുഴ റംലാ ബീഗവും സഹോദരിമാരാണ് എന്നായിരുന്നു മാപ്പിളപ്പാട്ട് ആരാധകരും വേദികളും കരുതിയിരുന്നത്. ഇവർ രണ്ടുപേരും ചേർന്ന് അവതരിപ്പിച്ചിരുന്ന പാട്ടുകളും കഥാപ്രസംഗങ്ങളും അത്രയേറെ മനോഹരവും അതിലുപരി ഒരേ മനസോടെയുമായിരുന്നു. റംലാബീഗവും അയിഷാ ബീഗവും ചേരുമ്പോൾ വേദികളിൽ ഹർഷാരവത്തിന്റെ പൂമഴയായിരുന്നു. യാഥാസ്ഥിതികരുടെ ഭീഷണിയും വിലക്കുമൊക്കെ റംലാ ബീഗത്തിന് മുന്നിൽ സുല്ലിട്ടു. കുഞ്ഞുന്നാളിലേ മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ചതുകൊണ്ടാകാം അസാധ്യമായ ധൈര്യം എപ്പോഴും അവർക്കുണ്ടായിരുന്നു. വേദിയിലെ ഏത് വിഷമഘട്ടവും അവർ പുഷം പോലെ മറികടന്നതും അതുകൊണ്ടുതന്നെയാണ്. ഉമ്മയും പാട്ടുകാരിയായിരുന്നു. ആലപ്പുഴ ആസാദ് മ്യൂസിക് ക്ലബ്ബിൽ തബല വായിച്ചിരുന്ന അബ്ദുൽ സലാം റംലയെ വിവാഹം കഴിച്ചു. മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‍ലിം വനിതയെന്ന വിശേഷണവും റംലാ ബീഗത്തിന് സ്വന്തം. കണ്ണൂരിൽ വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്തെത്തി. വധഭീഷണി വരെ റംല നേരിട്ടു. എന്നാൽ ഭർത്താവ് ഉറച്ച പിന്തുണ നൽകിയതോടെ റംലാ ബീ​ഗം സധൈര്യം പരിപാടി അവതരിപ്പിച്ചു. കോഴിക്കോട്ടെ കൊടുവള്ളിയിലും റംലക്കെതിരെ ഭീഷണിയുണ്ടായി.

ഇസ്ലാമിക കഥാപ്രസംഗത്തെയും മാപ്പിളപ്പാട്ടിനെയും ഇത്രയേറെ ജനകീയമാക്കിയ ഗായിക റംലാ ബീഗമല്ലാതെ വേറൊരാളില്ല. മതത്തിന്റെ വേലിക്കെട്ടും ഭീഷണിയും തകർത്ത് മാപ്പിളപ്പാട്ടും കഥാപ്രസം​ഗവുമായി അവർ മലയാള കലാലോകത്ത് നിറഞ്ഞുനിന്നു. വിളയിൽ ഫസീലയുടെ സമകാലികയായിരുന്നു റംലാ ബീഗം. ഏഴാം വയസിൽത്തന്നെ ആലപ്പുഴ ആസാദ്‌ മ്യൂസിക്‌ ക്ലബ്ബിലെ പ്രധാന ഗായികയായിരുന്നു. ട്രൂപ്പിനു വേണ്ടി ഹിന്ദി ഗാനങ്ങള്‍ പാടിയാണ് കലാജീവിതത്തിനു തുടക്കം കുറിച്ചത്. പട്ടാണി കുടുംബത്തിലായതിനാൽ ഹിന്ദിയോടായിരുന്നു പ്രിയം. അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ പാടിയത് ഏറെയും ഹിന്ദി ഗാനങ്ങളാണ്. ഹിന്ദിയിൽ നല്ല പ്രാവീണ്യമുള്ളതിനാൽ ഉർദുവും പിന്നീട് അറബിയും ഒരുപോലെ വഴങ്ങി. ‘തവ സൽന ബി ബിസിമില്ല’ എന്ന ഒരു പാട്ട് കേട്ടാൽ അറിയാം റംലാ ബീഗത്തിന്റെ ഭാഷാശുദ്ധി. അനശ്വരനായ എം എസ് ബാബുരാജ് സംഗീതം പകർന്ന ഈ ഗാനം എന്നും ഒളിമങ്ങാതെ നിൽക്കുന്നുണ്ട്. :ആദി പെരിയവൻ’, ‘ബിസ്മില്ലാഹി എന്നും’ ‘ഇരുലോകം ജയമണി’ എന്നിവ മാപ്പിളപ്പാട്ട് ആരാധകർ മാത്രമല്ല, സമൂഹമൊന്നടങ്കം ഒരുപോലെ ഇന്നും ഏറ്റുപാടുന്നു.

സാംബശിവൻ അരങ്ങുവാണ കാലത്താണ് സ്ത്രീകൾ നന്നേ കുറവായ കഥാപ്രസം​ഗ രം​ഗത്തേക്കും മാപ്പിളപ്പാട്ട് രം​ഗത്തേക്കും റംലാബീ​ഗം കടന്നുവരുന്നത്. എം എ റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി റംലാ ബീഗം കഥാപ്രസംഗമായി അവതരിപ്പിച്ചത്. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പിച്ചു. അറബിമലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ പ്രണയകാവ്യമായ ഹുസ്‌നുല്‍ ജമാല്‍ ബദ്‌റുല്‍ മുനീറിനെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കഥാപ്രസംഗമാണ് റംലാബീഗത്തെ കഥാപ്രസംഗ വേദിയിൽ അടയാളപ്പെടുത്തിയത്. ഖൈബർ യുദ്ധം, യൂസഫ് ഖിസ്സ, കർബല രക്തക്കളം, ഉഹ്ദ് യുദ്ധം, പത്ത് കൽപ്പനകൾ, മക്കത്തെ രാജാത്തി എന്നീ ഇസ്ലാമിക കഥാപ്രസംഗങ്ങൾ വലിയ തരംഗം സൃഷ്ടിച്ചു. ഇ​സ്​​ലാ​മി​ക ക​ഥ​ക​ള്‍ക്ക് പു​റ​മെ പി കേശവദേവിന്റെ ഓ​ട​യി​ല്‍നി​ന്ന്, കാളിദാസന്റെ ശാ​കു​ന്ത​ളം, കുമാരനാശാന്റെ ന​ളി​നി എന്നിവയും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

അഞ്ഞൂറോളം ഓഡിയോ കാസറ്റിലും 35 എച്ച്‌എംവി റെക്കോഡിലും പാടി. പതിനായിരത്തിലേറെ വേദികളിൽ പാടി. കെ ജെ യേശുദാസ്, വി എം കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, അസീസ് തായിനേരി, വടകര കൃഷ്ണദാസ്, എം കുഞ്ഞിമൂസ എന്നിവർക്കൊപ്പവും വിവിധ ട്രൂപ്പുകളിലും അവർ പാടി. ബാബുരാജിന്റെ മെഹ്‌ഫിൽ കൂട്ടായ്‌മകളിലും പാടിയിട്ടുണ്ട്‌. പിന്നീട്‌ വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. 2005 മുതൽ കോഴിക്കോട്ട്‌ താമസമാക്കി.

കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിൻകുട്ടി വൈദ്യര്‍ പുരസ്ക്കാരം, മാപ്പിള കലാ അക്കാദമി, കെഎംസിസി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇതിന് പുറമെ പുറമെ ഗള്‍ഫില്‍നിന്നു വേറെയും നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. എന്നാൽ, നമ്മുടെ കലാലോകം ആലപ്പുഴ റംലാ ബീഗത്തെ വേണ്ടവിധം ആദരിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. അർഹിക്കുന്ന പല പുരസ്‌കാരങ്ങളും ലഭിക്കാതെ പോയിട്ടുമുണ്ട്. എന്നാൽപോലും ഒരിക്കലും അതിൽ അവർ നിരാശ പ്രകടിപ്പിച്ചിട്ടില്ല. മാപ്പിളപ്പാട്ടായിരുന്നു റംലാ ബീഗത്തിന് ജീവനും ജീവശ്വാസവും.

English Summary: The singer who popularized mappilapat.