സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കും; മേഖലാ യോഗങ്ങളും പദ്ധതികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നവകേരള സദസ് സംഘടിപ്പിക്കും.

0
133

തിരുവനന്തപുരം: സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലാ യോഗങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുക. പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നാല് മേഖലാ യോഗങ്ങളാണ് നടത്തുക. യോഗങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങള്‍ നടക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനമാകും മേഖലാ യോഗങ്ങളിലെ പ്രധാന ചര്‍ച്ച. ദേശീയപാത, മാലിന്യമുക്ത കേരളം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയും ചര്‍ച്ചയാകും. വികസന പദ്ധതികള്‍ അവലോകനം ചെയ്യും. തടസ്സപ്പെട്ട വികസനം സംബന്ധിച്ചും കൂടിയാലോചനകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലകള്‍ തോറുമുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കും.

മാലിന്യ സംസ്‌കരണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഉറവിട മാലിന്യ വേര്‍തിരിവിലും അജൈവ മാലിന്യ ശേഖരണത്തിലും മുന്നേറ്റമുണ്ട്. അടിക്കടി അപകടങ്ങള്‍ സംഭവിക്കുന്ന മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് വേഗത്തിലാക്കും. ഇവിടെ മണല്‍നീക്കം വേഗത്തിലാക്കും. പുലിമുട്ടിന്റെ തെക്കുഭാഗത്ത് അടിഞ്ഞ മണ്ണ് നീക്കാന്‍ നടപടി സ്വീകരിക്കും. കോവളം-ബേക്കല്‍ ജലപാതയില്‍ തിരുവനന്തപുരത്തെ പുരോഗതി പരിശോധിക്കും.

നവകേരള സദസ്

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള സദസ് എന്ന പേരിലായിരിക്കും പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.

2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എംഎല്‍എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബറില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകാരികളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സു കള്‍ ആസൂത്രണം ചെയ്യും. അനുബന്ധമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.

നവകേരള സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതിപട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരന്മാർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല കോഓര്‍ഡിനേറ്ററായി പാര്‍ല മെന്‍ററികാര്യ മന്ത്രി പ്രവര്‍ത്തിക്കും. ജില്ലകളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാര്‍ക്കായിരിക്കും. ജില്ലകളില്‍ പരിപാടിയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കും. മണ്ഡലങ്ങളിലെ പരിപാടികളുടെ കണ്‍വീനറായി ഒരു ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കും.

മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം

മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാര്‍ഢ്യമായി ആ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ സർവകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും, ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറല്‍ ഗവേഷണത്തിലും ഉള്‍പ്പെടെ 46 മണിപ്പൂരി വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നല്‍കിയത്.

പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം ക്യാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. വിവിധ യുജി, പിജി പ്രോഗ്രാമുകളില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ, മാനന്തവാടി മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പിലാത്തറ സെന്‍റ് ജോസഫ് കോളേജ്, കാസർകോട് മുന്നാട് പീപ്പിള്‍സ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ് കില ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി.

കലാപനാളുകളില്‍ സര്‍ട്ടിഫിക്കറ്റുകളടക്കം നഷ്ടപ്പെട്ടവര്‍ക്കാണ് കേരളത്തിന്‍റെ മതനിരപേക്ഷ മണ്ണ് പഠനാശ്രയം ഒരുക്കിയത്. അവിടുത്തെ വിവിധ സർവകലാശാലകളുമായി ചര്‍ച്ച നടത്തി. സര്‍ട്ടിഫിക്കറ്റുകള്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് സമര്‍പ്പിക്കാനാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം നല്‍കിയിരിക്കുന്നത്.

English Summary: Eradication of extreme poverty will be the main discussion.