വന്ദേഭാരത്; കെ മുരളിയും വി മുരളിയും തമ്മിൽ പൊരിഞ്ഞ അടി

പഞ്ചായത്തില്‍ നിന്നെങ്കിലും ജയിച്ചാല്‍ വി മുരളിയെ അംഗീകരിക്കാമെന്ന് കെ മുരളി, സ്വന്തം നേതാവിനെ അലുമിനിയം പട്ടേൽ എന്ന് വിളിച്ചതാരെന്ന് വി മുരളി.

0
1010

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെയും ഉദ്‌ഘാടന യാത്രയുടെയും പേരിൽ ഏറ്റുമുട്ടി കോൺഗ്രസിലെ കെ മുരളീധരനും ബിജെപിയിലെ വി മുരളീധരനും. രണ്ടാം വന്ദേഭാരതിന്‍റെ ഉദ്ഘാടന യാത്ര ബിജെപി കയ്യടക്കിയെന്ന ആരോപണത്തെച്ചൊല്ലിയാണ് കോൺഗ്രസിന്റെ മുരളിയും ബിജെപിയുടെ മുരളിയും തമ്മിലുള്ള വാക് പോര് തുടരുന്നത്. വന്ദേ ഭാരത്തിന്റെ ഉദ്‌ഘാടനയാത്രയെ ബിജെപി പരിപാടിയാക്കിയതിനെ കെ മുരളീധരൻ എംപി വിമർശിച്ചിരുന്നു. ബിജെപിക്കാരെ കാണുമ്പോഴുള്ള അസ്വസ്ഥതയാണോ കെ മുരളീധരന് എന്നായിരുന്നു വി മുരളീധരന്റെ മറുപടി. ഇതോടെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ വീണ്ടും രംഗത്തുവന്നു. വി മരുളീധരൻ മറുപടിയുമായി എത്തിയതോടെയാണ് രംഗം കൊഴുത്തത്.

വന്ദേഭാരത് ആരുടെയും സൗജന്യമല്ലെന്നും രാഷ്ടീയം കളിക്കുമ്പോള്‍ വിമര്‍ശിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. വി മുരളീധരന്‍ കേന്ദ്രമന്ത്രിയെന്ന മാന്യത കാണിക്കാറില്ലെന്ന വിമര്‍ശനം കെ മുരളീധരന്‍ ഉയര്‍ത്തി. വന്ദേഭാരത് യാത്രയില്‍ ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിച്ചത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തറക്കളിയാണ് ബിജെപി കളിച്ചത്. ബിജെപി ഓഫീസില്‍ കയറിയത് പോലെയാണ് തോന്നിയത്. സത്യത്തില്‍ കയറേണ്ടെന്ന് തോന്നി എന്നും കെ മുരളീധരന്‍ പറഞ്ഞു. ഈ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്ന് പറഞ്ഞ കെ മുരളീധരൻ വി മുരളീധരനെ പരിഹസിക്കാനും മറന്നില്ല. കെ മുരളീധരന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് നാല് തവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും ചെന്നയാളാണ്. വി മുരളീധരന്‍ കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും നിന്ന് മത്സരിച്ച് ജയിച്ചാല്‍ അദ്ദേഹത്തെ ഞാന്‍ അംഗീകരിക്കും. നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ജയിച്ചാലും മതിയാവും എന്നായിരുന്നു പരിഹാസം. വി മുരളീധരൻ ഒരു പഞ്ചായത്ത് ഇലക്ഷൻ എങ്കിലും ജയിച്ചാൽ സമസ്താപരാധം പറയാമെന്നും കോൺഗ്രസ് മുരളീധരൻ പറഞ്ഞു.

എന്നാല്‍ ക്ഷണം കിട്ടിയവരാണ് വന്ദേഭാരതില്‍ യാത്ര ചെയ്‌തെതെന്നും ബിജെപിക്കാരെ കാണുമ്പോളുള്ള അസ്വസ്ഥതയാണ് കെ മുരളീധരനെന്നുമാണ് വി മുരളീധരന്റെ മറുപടി. എംപിമാരുടെ പാസ് ബിജെപി പ്രവര്‍ത്തകര്‍ക്കും ലഭിച്ചുവെന്നതാണ് കെ മുരളീധരന്റെ പരിഭവം. കെ മുരളീധരൻ സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണ്. മറുപടി അർഹിക്കുന്ന ഒരു വിമർശനവും നടത്തിയിട്ടില്ല. അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേൽ എന്ന് വിളിച്ചശേഷം ഒടുവിൽ തല കുനിച്ചയാളാണ് കെ മുരളീധരനെന്നും വി മുരളി പറഞ്ഞു.

English Summary: Vande Bharat; Verbal Fight between K Muraleedharan and V Muraleedharan.