എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്; സ്വപ്ന സുരേഷിന് കോടതിയുടെ സമൻസ്

സ്വപ്ന സുരേഷ് ജനുവരി നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം.

0
113

കണ്ണൂര്‍: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സമൻസ് അയച്ച് കോടതി. തളിപ്പറമ്പ് ജു‍ഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ജനുവരി നാലിന് കോടതിയിൽ ഹാജരാകണമെന്ന് കാട്ടിയാണ് സമൻസ്. സ്വപ്നക്ക് പുറമെ വിജേഷ് പിള്ളക്കും സമൻസ് അയച്ചിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ എം വി ഗോവിന്ദൻ ഹർജി നൽകിയത്.

ഐപിസി 120ബി, 500 വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കും മാനഹാനി വരുത്തിയതിനും സ്വപ്നയെ ഒന്നാം പ്രതിയാക്കിയും വിജേഷിനെ രണ്ടാം പ്രതിയാക്കിയും കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. സ്വപ്നയും വിജേഷും ഗൂഢാലോചന നടത്തി വ്യക്തിപരമായ അധിക്ഷേപം ഉണ്ടാക്കിയെന്നാണ് എം വി ഗോവിന്ദന്റെ പരാതിയിൽ പറയുന്നത്. പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

സ്വപ്ന‌ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരിന്നു നോട്ടീസിലെ ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചത്. ഇത് ഏറ്റെടുത്ത മാധ്യമങ്ങൾ പിന്നാലെ വലിയ വാർത്തയാക്കി പ്രചരിപ്പിക്കുക്കയും ചെയ്തു.

English Summary: Swapna Suresh will appear in court on January 4.