എസ്പിബി; മാന്ത്രികശബ്ദം നിലച്ചിട്ട് മൂന്നുവർഷം

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം സ്മരണ

0
323

എസ് പി ബി എന്നത് സംഗീതപ്രേമികള്‍ക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല. അതൊരു വികാരമായിരുന്നു, ആത്മാവിനോട് ചേര്‍ത്ത അനേകം ഗാനങ്ങള്‍ ആയിരുന്നു. പ്ലേബാക്കിലും ലൈവ് ആയും അദ്ദേഹം തീര്‍ത്ത സംഗീത മാധുരിയില്‍ എത്രയോ ലക്ഷം ആരാധകരുടെ സ്നേഹസന്തോഷങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ഗായകൻ, സംഗീത സംവിധായകൻ, നടൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്.

അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യൻ സംഗീത ചലച്ചിത്ര സംഗീത രംഗത്ത് നിറഞ്ഞ നിന്ന എസ് പി ബാലസുബ്രഹ്മണ്യം നാൽപ്പതിനായിരം പാട്ടുകൾ പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങൾ, ആന്ധ്രാപ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും, കലെെമാമണി, കർണ്ണാടക തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങൾ എന്നിവ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ അസമീസ്, ഒറിയ, പഞ്ചാബി, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി അടക്കം 16 ഭാഷകളില്‍ എസ്പിബിയുടെ ശബ്ദം ആസ്വാദക മനസുകളിലേക്ക് ഒഴുകിയിറങ്ങി. ലോകത്ത് ഏറ്റവും അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായകന്‍ എന്ന ഗിന്നസ് നേട്ടം, ഒരു ദിവസം ഏറ്റവും അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായകന്‍ എന്നിങ്ങനെ നേട്ടങ്ങൾ അനവധിയാണ്.
ഗാനമേള ട്രൂപ്പിലെ ഗായകനില്‍ നിന്നും സിനിമാ പിന്നണി ഗായകനിലേക്കുള്ള എസ്പിബിയുടെ തുടക്കം 1966ലായിരുന്നു.

സംഗീതസംവിധായകന്‍ കോദണ്ഡപാണിയുടെ കീഴില്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെ പിന്നണിഗാന രംഗത്തെത്തിയ എസ്പിബി പതിയെ തെന്നിന്ത്യയിലെ വിസ്മയഗായകനായി പേരെടുക്കുകയായിരുന്നു. 1979ല്‍ ശങ്കരാഭരണത്തിലൂടെ ആദ്യ ദേശീയ അവാര്‍ഡ് നേടിയ എസ്പിബി പിന്നീട് 1981ല്‍ ഏക് ദുജേ കേലിയേ, 1983ല്‍ സാഗരസംഗമം, 1988ല്‍ രുദ്രവീണ, 1995ല്‍ സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി, 1996ല്‍ മിന്‍സാര കനവ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡിന് അര്‍ഹനായി.

ഗായകൻ എന്നതിലുപരി നല്ലൊരു നടൻ കൂടിയായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തെലുഗ്, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ നിരവധി താരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്തു. തമിഴ് ചിത്രങ്ങള്‍ തെലുങ്കിലേക്ക് മൊഴിമാറ്റുമ്പോള്‍ കമല്‍ ഹാസന്റെ ശബ്ദം പതിവായി ഡബ്ബ് ചെയ്തിരുന്നത് എസ്പിബിയായിരുന്നു. കമല്‍ ഹാസനും രജനീകാന്തിനും പുറമെ സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ജെമിനി ഗണേശന്‍, രഘുവരന്‍ തുടങ്ങിയ നിരവധി അഭിനേതാക്കള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

english summary: SP Balasubrahmanyam A voice that nurtured millions of hearts