‘വന്ദേഭാരത് ഉദ്‌ഘാടനയാത്ര ബിജെപി ഓഫീസിൽ ഇരുന്നപോലെ’; തരംതാണ കളിക്ക് പിന്നിൽ വി മുരളീധരൻ: കെ മുരളീധരൻ

കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കരുതെന്നും കെ മുരളീധരൻ.

0
120

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങിൽ ബിജെപി നടത്തിയത് തരംതാണ രാഷ്ട്രീയക്കളിയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ഏതോ ബിജെപി ഓഫീസിൽ ഇരുന്നപോലെ അകപ്പെട്ടുപോയി. സത്യത്തിൽ കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയെന്നും ഉദ്ഘാടനയാത്രയിൽ പങ്കാളിയായ കെ മുരളീധരൻ വിമർശിച്ചു.

ഇത്രയും തരംതാണ കളിക്ക് നേതൃത്വം നൽകിയത് വി മുരളീധരനാണ്. ഉദ്ഘാടന യാത്ര മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. ഉദ്ഘാടനയാത്ര ബിജെപി യാത്രപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. കൊടിയും പിടിച്ചു ബിജെപിക്കാർ ട്രെയിനിൽ കയറി ബിജെപി നേതാക്കൾക്ക് മുദ്രാവാക്യം വിളിച്ചത് ദൗർഭാഗ്യകരമാണ്. മേലാൽ ഇത് ആവർത്തിക്കരുത്.

വന്ദേഭാരത് വിഷയത്തിൽ ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ അത് കണ്ടു. പരിപാടിക്ക് ക്ഷണിച്ച പ്രാദേശിക എംഎൽഎയെ സംസാരിക്കാൻ അനുവദിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ തറക്കളിയാണ് നടന്നത്. കേന്ദ്രസഹമന്ത്രി വി മുരളീധരനാണ് ഇതിനൊക്കെ നേതൃത്വം നൽകിയത്. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. വന്ദേഭാരതിനായി എല്ലാ എംപിമാരും കൂട്ടായ പ്രവർത്തനം നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ അവരുടേതായ ഇടപെടൽ നടത്തിയിട്ടുണ്ട്.

കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്നു ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ജോലി എന്താണെന്ന് കൃത്യമായി അറിയാം. ഫയൽ പോലും കാണാത്ത ചില കേന്ദ്ര മന്ത്രിമാരുണ്ട്. അവരുടെ ഏകപണി പ്രധാനമന്ത്രിയുടെ പിന്നാലെ ഓടലാണ്. വി മുരളീധരൻ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരൻ. ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ആർക്കുമുണ്ട്. മത്സരിക്കുന്നവർക്ക് ജയിക്കുമോ തോക്കുമോ എന്ന ടെൻഷൻ ഉണ്ടാകും. ജയിക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാവുന്നത് കൊണ്ട് അങ്ങനത്തെ ടെൻഷൻ പോലും വി മുരളീധരന് ഉണ്ടാകാൻ ഇടയില്ലെന്നും കെ മുരളീധരൻ പരിഹസിച്ചു.

English Summary: Second VandeBharat express first day was like bjp rally; K Muraleedharan