തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ ആളുമാറി അനുശോചിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരൻ ഖേദം പ്രകടിപ്പിച്ചു തന്റെ ഭാഗം വിശദീകരിച്ചത്. കെ ജി ജോർജാണ് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് മനസിലായിരുന്നില്ല. സമാനപേരിലുളള പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്. സംഭവത്തില്‍ കെ ജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായ മനോവിഷമത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും കെ സുധാകരന്‍ പറഞ്ഞു.
ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല എന്നും സുധാകരൻ വിശദീകരണത്തിൽ പറഞ്ഞു. പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ ജി ജോർജിനെ സ്നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു എന്നും കുറിപ്പിലുണ്ട്. എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് കെ സുധാകരൻ അബദ്ധം പറഞ്ഞത്. ഓർക്കാൻ ഒരുപാടുണ്ട് അദ്ദേഹത്തെക്കുറിച്ച്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു. നല്ലൊരു രാഷ്‌ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്‌തിയുമുള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കാർക്കും മോശം അഭിപ്രായമില്ല. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തിൽ ദുഃഖമുണ്ട് എന്നായിരുന്നു സുധാകരന്റെ മറുപടി.
ഈ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായി. സുധാകരൻ പറഞ്ഞത് പി സി ജോർജിനെക്കുറിച്ചാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അഭിപ്രായമുയർന്നു. ഇതോടെ പി സി ജോർജ് താൻ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട് എന്ന് കെ സുധാകരനെ ഓർമപ്പെടുത്തി. തുടർന്നാണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ സുധാകരൻ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നത്.
English Summary: Sudhakaran said that he did not expect other questions.