വിഖ്യാത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം.

0
156

എറണാകുളം: വിഖ്യാത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടര്‍ന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മേയ് 24ന് തിരുവല്ലയിലാണ് ജനനം. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. അരുൺ, താര എന്നിവർ മക്കൾ. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്.

തിരുവല്ല എസ്ഡി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം 1971ല്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ സംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകള്‍ ചെയ്തു. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍ സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കെ ജി ജോർജിന്റെ സിനിമകൾക്ക് കഴിഞ്ഞു.

കെ ജി ജോർജ് സംവിധാനം ചെയ്ത യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക് എന്നീ സിനിമകൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടു. സ്വപ്നാടനം, പി ജെ ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച കോലങ്ങള്‍, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

English Summary: K G George; A genius who left his signature in Malayalam cinema.