‘പാർട്ടിയെ തിരിഞ്ഞു കൊത്തുന്നവർക്ക് ഇഹലോകത്തും പരലോകത്തും ഗതിയുണ്ടാകില്ല’; ആഞ്ഞടിച്ച് കെ മുരളീധരന്‍

ബിജെപിയിൽ നിന്നാലും അനിൽ ആന്റണി രക്ഷപ്പെടില്ലെന്നും മുരളീധരൻ.

0
124

കോഴിക്കോട്: തന്റെ പ്രാർത്ഥനയുടെ ഫലമായാണ് മകൻ അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നതെന്ന എ കെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ വെളിപ്പെടുത്തലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പാർട്ടിയെ തിരിഞ്ഞു കൊത്തുന്നവർക്ക് ഇഹലോകത്തും പരലോകത്തും ഗതിയുണ്ടാകില്ലെന്ന് മുരളീധരൻ തുറന്നടിച്ചു. കേരളത്തിൽ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പ് ജയിച്ച് അനിൽ രക്ഷപ്പെടില്ല. അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ല. ഒരിക്കൽപോലും കേരളത്തില്‍ നിന്ന് എംഎല്‍എയോ എംപിയോ ആകില്ലെന്നും മുരളിധരൻ പറഞ്ഞു.

എലിസബത്ത് ആന്റണിക്കെതിരെയും മുരളീധരൻ പരോക്ഷ വിമർശനം ഉയർത്തി. സ്വന്തം പാർട്ടിയെ വഞ്ചിച്ചാൽ ഇഹലോകത്തും പരലോകത്തും ഗതി പിടിക്കില്ല എന്നാണ് അമ്മ തന്നെ പഠിപ്പിച്ചത് എന്നായിരുന്നു പ്രതികരണം. പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാൽ രാജസ്ഥാൻ ചിന്തൻ ശിബിരിത്തിന്റെ പേരിൽ പാർട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരൻ പറഞ്ഞു.

രാജസ്ഥാന്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനം അനില്‍ ആന്റണിക്ക് തടസമായിരുന്നില്ല. കോൺഗ്രസിൽ നിരവധി അവസരങ്ങൾ അനിൽ ആന്റണിക്ക് ഉണ്ടായിരുന്നു. എന്നിട്ടും പാർട്ടിയെ ചതിച്ച് ബിജെപിയിൽ ചേക്കേറുകയായിരുന്നുവെന്നും മുരളീധരൻ വിമർശിച്ചു. കഴിഞ്ഞദിവസം ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിൽ അനുഭവ സാക്ഷ്യം പറയുമ്പോഴാണ് തന്റെ പ്രാർത്ഥനയുടെ ഫലമായാണ് മകൻ അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നതെന്ന് എലിസബത്ത് ആന്റണി വെളിപ്പെടുത്തിയത്. അനിൽ ആന്റണി ബിജെപി നേതാവായതോടെ ആ പാർട്ടിയോടുള്ള എല്ലാ വെറുപ്പും തീർന്നെന്നും എ കെ ആന്റണി മകനെ ഉൾക്കൊണ്ട് സ്വീകരിച്ചുവെന്നും അവർ പറഞ്ഞിരുന്നു. ഇതിനെതിരെയായാണ് കെ മുരളീധരൻ രംഗത്തുവന്നത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും തമ്മിലടി വിഷയത്തിൽ കൂടുതൽ പറയാനില്ലെന്നും മുരളീധരൻ പറഞ്ഞു. മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ല, പക്വത കുറവ് തനിക്കാണെന്നാണ് ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി പ്രസിഡന്റും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍ പറഞ്ഞു.

English Summary: Muralidharan says that Anil Antony will not win even if he joins the BJP.