സൗന്ദര്യം വെളുപ്പാണോ? ബോഡി ഷെയ്മിങ് നടത്തിയ അവതാരകനെ തിരുത്തി തന്മയ

0
1614

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാല താരത്തിനുള്ള അവാർഡ്‌ ലഭിച്ച തന്മയ സോൾ അവതാരകന്റെ കുത്തിത്തിരിപ്പ്‌ ചോദ്യത്തിന്‌ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. തന്നെ ബോഡി ഷെയ്മിങ് നടത്തിയ അവതാരകന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ്‌ കൊച്ചു മിടുക്കി. ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തന്മയയ്ക്ക് ലഭിച്ചത്. എന്നാൽ, മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് ആ പുരസ്കാരം നൽകേണ്ടിയിരുന്നു എന്ന തരത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതു പരാമർശിച്ചുകൊണ്ട് സിനിഫൈൽ എന്ന സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പിന്റെ ഉടമ കൂടിയായ അവതാരകൻ ബിജിത്ത്‌ വിജയൻ ഉന്നയിച്ച ചോദ്യത്തിനാണ് തന്മയയുടെ കുറിക്കു കൊള്ളുന്ന മറുപടി.

തന്മയയുടെ വാക്കുകൾ:

കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല. ഹൈറ്റിൽ നിൽക്കുന്നവർക്കേ അങ്ങനെയൊരു ഇമേജ് കിട്ടുള്ളൂ. അത്രയും ഹൈറ്റിലെത്തി എന്നു വേണമെങ്കിൽ എനിക്കു കരുതാം. ആ കളിയാക്കലുകളെ എനിക്ക് ഇങ്ങനെ വിചാരിക്കാം. അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് വേസ്റ്റാണ്. എനിക്കു തോന്നുന്നില്ല സൗന്ദര്യം എന്നു പറയുന്നത് വെളുപ്പാണെന്ന്. ചേട്ടൻ പറഞ്ഞു, ഞാൻ നല്ലതല്ല… ഫെയർ ആയിരുന്നെങ്കിൽ അത്രയും നല്ലതായിരുന്നു എന്ന്. ജനങ്ങൾക്ക് ഓരോ അഭിപ്രായം കാണും. അവർക്ക് അതു പറയാനുള്ള വോയ്സ് ഉണ്ട്. പറയാനുള്ളവർ പറയട്ടെ. അത് എന്നെ ബാധിക്കില്ല. എനിക്കതു കേൾക്കാനും രസമുണ്ട്. എന്റെ ആഗ്രഹം മലയാളം സിനിമയിലും തമിഴ് സിനിമയിലും അഭിനയിക്കണം എന്നാണ്. ഹോളിവുഡിലെ ടിമോത്തി ഷാലമെയുടെ കൂടെ അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

തന്മയയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ ചെറിയ പ്രായത്തിൽ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം അവർക്കുള്ള കാഴ്ചപ്പാട് അഭിനന്ദീയമാണെന്നാണ് കമന്റുകൾ. അതേസമയം അഭിമുഖം നടത്തിയ ബിജിത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്‌. കുട്ടിയെ അധിക്ഷേപിക്കാൻ ശ്രമിച്ചതിലും നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചതിനും അയാൾക്കെതിരെ ശക്തമായ വിമർശനമാണ്‌ ഉണ്ടാകുന്നത്‌.