‘സ്ഥിരതയില്ലാത്ത ബാറ്റിംഗ്; സ്ഥിരം ശൈലി’- സഞ്ജുവിനെതിരെ ശ്രീശാന്ത്

പ്രതിഭയുള്ള താരമാണ് സഞ്ജു, എന്നാൽ, ബാറ്റിങ്ങിനോടുള്ള സമീപനം മാറ്റണം.

0
278

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ വിമർശിച്ച് മുൻതാരം എസ് ശ്രീശാന്ത് രംഗത്ത്. ഒരേ ബാറ്റിങ് ശൈലിയും സ്ഥിരതയില്ലാത്ത പ്രകടനവുമാണ് സഞ്ജുവിന്റേതെന്നും ശ്രീശാന്ത് പറഞ്ഞു. ബാറ്റിങിനോടുള്ള സമീപനം സഞ്ജു മാറേണ്ടിയിരിക്കുന്നു. കളിക്കാരുടെ അഭിപ്രായങ്ങൾ മാനിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ശ്രീശാന്ത് പറയുന്നു. പിച്ചിന്റെ സ്വഭാവമനുസരിച്ച് കളിക്കണമെന്ന് ആരെങ്കിലും പറഞ്ഞാലും അതു കേൾക്കാതെ ഒരേ രീതിയിലാണ് സഞ്ജു ബാറ്റിങ് തുടരുന്നതെന്ന് ശ്രീശാന്ത് കുറ്റപ്പെടുത്തി.

സഞ്ജു പ്രതിഭയുള്ള കളിക്കാരനാണെന്നതിൽ സംശയമില്ല. എന്നാൽ അദ്ദേഹത്തിന്റെ ബാറ്റിങിനോടുള്ള സമീപനം പ്രശ്നമാണ്. സഞ്ജുവിനെ കാണുമ്പോഴെല്ലാം ഞാൻ പറയാറുള്ളത് ഇതേ കാര്യമാണ്. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം ശരിയാണ്. ഒരു കളിക്കാരന്‍ സ്വയം മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. ഗാവസ്കർ, ഹർഷ ഭോഗ്‌ലെ, രവി ശാസ്ത്രി തുടങ്ങിയവരെല്ലാം സഞ്ജുവിനെ ഓവർറേറ്റ് ചെയ്യുകയാണ്. എല്ലാ ബോളർമാരെയും ഒരുപോലെ നേരിടരുത്, പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി വേണം കളിക്കാൻ. ഏതു ബോളർക്കെതിരെയും വലിയ ഷോട്ട് കളിക്കാം. എന്നാൽ അത് കൃത്യമായ അവസരത്തിലായിരിക്കണം എന്നുമാത്രം- ശ്രീശാന്ത് പറഞ്ഞു.

ഞാനടക്കമുള്ള മലയാളികൾ പലപ്പോഴും സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്ന് പറയാറുണ്ട്. എന്നാൽ ഇപ്പോൾ അത് പറയാനാകില്ല. അയർലൻഡിനും ശ്രീലങ്കയ്ക്കുമെതിരെ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 10 വർഷമായി അദ്ദേഹം ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ഒരു ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു. ഇക്കാലയളവിൽ മൂന്ന് സെഞ്ച്വറികൾ നേടിയെന്നല്ലാതെ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. ഏകദിനത്തിൽ കൂടുതൽ പന്തുകൾ നേരിടാനുള്ള ക്ഷമ സഞ്ജു കാണിക്കണം- ശ്രീശാന്ത് പറയുന്നു.

സഞ്ജുവിനെ ഇത്തവണ ഇന്ത്യൻ ടീമിൽനിന്നും ഒഴിവാക്കിയത് വ്യാപക വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് സഞ്ജുവിനുവേണ്ടി രംഗത്തുവന്നത്.

English Summary: It’s very important for a player to understand himself: S Sreesanth.