ശബരിമലയിലും കടന്നുകയറാൻ രാമജന്മഭൂമി ട്രസ്റ്റ്; ശബരി പീഠത്തിൽ ശ്രീരാമസ്തംഭം സ്ഥാപിക്കാൻ നീക്കം

അയോധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങൾ സ്ഥാപിക്കാനാണ് ശ്രീരാമജന്മഭൂമി ട്രസ്റ്റ് ഒരുങ്ങുന്നത്.

0
17567
രാജ്യമൊട്ടുക്ക് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് സ്ഥാപിക്കുന്ന ശ്രീരാമ സ്തംഭം.

തിരുവനന്തപുരം: ശബരിമലയിൽ ശ്രീരാമസ്തംഭം സ്ഥാപിക്കാനൊരുങ്ങി ശ്രീരാമജന്മഭൂമി ട്രസ്റ്റ്. അയോധ്യ മുതൽ രാമേശ്വരം വരെ സ്ഥാപിക്കുന്ന സ്തംഭങ്ങളിലൊന്നാണ് ശബരിമലയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തുടനീളം 290 ശ്രീരാമസ്തംഭങ്ങളാകും സ്ഥാപിക്കുക. ഇതിലൊന്ന് ശബരിമലയിൽ സ്ഥാപിക്കാനാണ് രാമജന്മഭൂമി ട്രസ്റ്റിന്റെ തീരുമാനം. പതിനായിരക്കണക്കിന് തീർത്ഥാടകർ കടന്നുപോകുന്ന ശബരി ആശ്രമത്തിലോ ശബരി പീഠത്തിലോ തൂൺ സ്ഥാപിക്കും. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വനത്തിലേക്കുള്ള യാത്രയ്‌ക്കിടെ ശ്രീരാമൻ സന്ദർശിച്ച എല്ലാ സ്ഥലങ്ങളെയുമാകും തൂണുകൾ അടയാളപ്പെടുത്തുക. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടാണ് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അധികൃതർ ശബരിമലയിലും കണ്ണുവെച്ചത്. സീതാന്വേഷണത്തിന് പോകുന്ന വഴിയിൽ ശ്രീരാമനും അദ്ദേഹത്തിൻറെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവർക്ക് താൻ രുചിച്ചുനോക്കിയ നെല്ലിക്കകൾ നൽകുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ അവർ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചു എന്നുമുള്ള ഐതിഹ്യം പറഞ്ഞാണ് ശബരിമലയിലേക്ക് കടന്നുകയറാൻ രാമജന്മഭൂമി ട്രസ്റ്റ് ശ്രമിക്കുന്നത്.
തൂണുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ മുൻ ഇന്ത്യൻ റവന്യൂ ഓഫീസർ രാം അവതാർ ശർമ്മ പരിശോധിച്ചു. ഓരോ തൂണിലും വാൽമീകി രാമായണത്തിലെ വരികൾ എഴുതിച്ചേർക്കും.

ശ്രീരാമന്റെ ജീവിതത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നതിനുവേണ്ടിയാണ് രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുന്നതെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. അയോധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങളാകും സ്ഥാപിക്കുക. അയോധ്യയിലെ മണിപർബത്തിലാകും ആദ്യ തൂൺ. രാമക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പിങ്ക് മണൽക്കല്ലിൽ കൊത്തിയെടുത്ത ആദ്യ പ്രതിഷ്ഠ 27-ന് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ശബരിമലക്ക് പുറമെ തെലങ്കാനയിലെ തുംഗഭദ്ര നദിയുടെ തീരത്തും തൂണുകൾ സ്ഥാപിക്കും. നദിയുടെ തീരത്തുള്ള അനെഗുഡി എന്ന ചെറുപട്ടണം പുരാതനകാലത്ത് കിഷ്കിന്ധ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ വച്ചാണ് രാമൻ ആദ്യമായി ഹനുമാനെയും സുഗ്രീവനെയും കാണുന്നത്. ഇതിനുപുറമെ തമിഴ്‍നാട്ടിലെ ധനുഷ്കോടി രാമസേതുവിലും സ്ഥാപിക്കും. ഭാവിതലമുറയെ ശ്രീരാമന്റെ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള വിലമതിക്കാനാവാത്ത സംഭാവനയായിരിക്കും സ്തംഭങ്ങളെന്ന് ട്രസ്റ്റി ചമ്പത് റായ് പറഞ്ഞു.

അശോക് സിംഗാൾ ഫൗണ്ടേഷൻ ആണ് ഇതിന്റെ നിർമാണച്ചെലവുകൾ വഹിക്കുക. വാല്മീകി രാമായണത്തിലെ വരികൾ സംസ്‌കൃതത്തിൽ കൊടുക്കുന്നതിനൊപ്പം ഓരോ സംസ്ഥാനങ്ങളിലെയും ഭാഷയിലും എഴുതിച്ചേർക്കും. സാധാരണക്കാർക്ക് മനസിലാക്കാൻ വേണ്ടിയാണിത്. സർക്കാരിൽനോന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഒരു രൂപ പോലും വാങ്ങില്ല. പൂർണമായും അശോക് സിംഗാൾ ഫൗണ്ടേഷൻ നിർമാണ-പരിപാലന ചെലവുകൾ വഹിക്കുമെന്നും ചമ്പത് റായ് പറഞ്ഞു.

English Summary: Shri Ram pillars will be put up, including at Sabarimala Shabari Ashram.