ഇരിട്ടി: പ്ലസ് ടു വിദ്യാർഥിനിയെ സ്വകാര്യ ബസ്, സ്റ്റോപ്പിൽ ഇറക്കാതെ പോയ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇരിട്ടി-ശ്രീകണ്ഠപുരം റൂട്ടിലോടുന്ന വിമൽ ബസ് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയെ പെരുമ്പറമ്പിലെ സ്റ്റോപ്പിൽ ഇറക്കാതെ സർവിസ് തുടർന്നത്. പിന്നീട് മൂന്നു കിലോമീറ്റർ അപ്പുറമുള്ള സ്റ്റോപ്പിൽ ഇറങ്ങിയാണ് വിദ്യാർഥി തിരിച്ച് വീട്ടിലെത്തിയത്.
വിദ്യാർഥിനി ഇരിട്ടി പൊലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി ജോയൻറ് ആർ.ടി.ഒ ബി. സാജു വിമൽ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ജോയൻറ് ആർ.ടി.ഒ പറഞ്ഞു.