പാസ്പോർട്ട് ഇല്ലാതെ ഇനി ദുബൈയിലേക്ക് യാത്ര ചെയ്യാം

ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാവുക

0
195

ദുബായ് മാറുകയാണ്.സാങ്കേതികതയെ അതിന്റെ ഏറ്റവും മികച്ചസേവനത്തിലേക്ക് കൈകോർക്കുന്നതിലൂടെ പുതിയ മാറ്റങ്ങൾ രാജ്യത്ത് കടന്നു വരും. ഇപ്പോൾ ഏറ്റവും പുതിയ വാർത്തയായി പുറത്തു വരുന്നത്, പാസ്പോർട്ടില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം എന്നാണ്. വർഷാവസാനത്തോടെ സ്മാർട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം.

പാസ്പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പാക്കുക. തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും.പല വിമാനത്താവളങ്ങളിലും ആളുകളുടെ കുത്തൊഴുക്കാണ്. അത് തടസ്സമില്ലാതെ നിയന്ത്രിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. പലപ്പോഴും ഇത്തരം നിയന്ത്രണങ്ങൾക്കായാണ് പല രാജ്യങ്ങളും പുതിയ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സൗകര്യമൊരുക്കിയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം ഇപ്രാവശ്യം ശ്രദ്ധേയമാകുന്നത്.

ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാവുക. സുഗമവും തടസമില്ലാത്തതുമായ യാത്രയ്ക്കായി ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ലഭ്യമാണെന്നതിനാൽ, അവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ അവരുടെ പ്രൊഫൈലിങ് നടത്താനാകും.

നവംബറില്‍ ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3ല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു. യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ബിഗ് ഡാറ്റയെ ഉപയോഗപ്പെടുത്തും എന്നും അവർ കൂട്ടിച്ചേർത്തു.