രക്തസാക്ഷി സന്ദീപിന്റെ കുടുംബത്തിന് വീട്‌; 23ന് എം വി ഗോവിന്ദൻ 
താക്കോൽ കൈമാറും

സിപിഐ എം നേതൃത്വത്തിലാണ് വീട് നിർമ്മിച്ചത്.

0
2448

തിരുവല്ല: സിപിഐ എം ലോക്കൽസെക്രട്ടറിയായിരിക്കെ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന രക്തസാക്ഷി പി ബി സന്ദീപ് കുമാറിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് 23ന് കൈമാറും. രാവിലെ 9.30ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ സന്ദീപിന്റെ കുടുംബാംഗങ്ങളെ വീടിന്റെ താക്കോൽ ഏൽപ്പിക്കും. ജില്ലാസെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

2021 ഡിസംബർ രണ്ടിന് രാത്രി എട്ടോടെ ചാത്തങ്കേരിയിൽവച്ചാണ് സന്ദീപിനെ കൊലപ്പെടുത്തുന്നത്. പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ബൈക്കിൽ വന്ന ആർഎസ്എസ് അക്രമിസംഘം വെട്ടിയശേഷം തൊട്ടടുത്ത തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. സന്ദീപിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് വീട്ടിലെത്തിയ അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടി ഏറ്റെടുത്തു. 2022 ജനുവരി 15,16 തീയതികളിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം സന്ദീപ് കുടുംബ സഹായ ഫണ്ട് സ്വരൂപിച്ചു.

രണ്ട് കോടി രൂപയാണ് പാർട്ടി പ്രവർത്തകർ സമാഹരിച്ചത്. 2022 ഫെബ്രുവരി 21ന് കുടുംബ സഹായ ഫണ്ട് കോടിയേരി ബാലകൃഷ്‌ണൻ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 25 ലക്ഷം രൂപ വീതവും അച്ഛനും അമ്മയ്ക്കും 10 ലക്ഷം രൂപ വീതവും ഉൾപ്പെടെ 95 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. 50 ലക്ഷം രൂപ മുടക്കി നിർമിച്ച വീടിന്റെ ശിലാസ്ഥാപനം 2022 ആഗസ്‌ത് 31ന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനാണ് നിർവഹിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി. 50 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന സന്ദീപ് സ്മാരക നിർമാണം ഉടൻ തുടങ്ങും.

സന്ദീപിന്റെ വീടിന്റെ അവസാന പണികൾ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിലയിരുത്തി. സിപിഐ എം തിരുവല്ല ഏരിയസെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ചെയർമാനും പെരിങ്ങര ലോക്കൽ സെക്രട്ടറി പ്രമോദ് ഇളമൺ കൺവീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം പൂർത്തിയാക്കിയത്.

English Summary: Kodiyeri Balakrishnan had informed that CPI(M) will protect Sandeep’s family.