ഓടിക്കൊണ്ടിരിക്കെ പൊലീസ് വാഹനം തീപിടിച്ചു കത്തിയമർന്നു

0
164

തിരുവനന്തപുരം: പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു കത്തിയമർന്നു. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡപ്യൂട്ടി കമൻഡാന്റ് സുജിത്തിന്റെ വാഹനമാണ് കത്തിയത്. അപകട സമയം ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. മുൻവശത്തു നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവർ വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.45ന് ആയിരുന്നു അപകടം. മ്യൂസിയത്തു നിന്നു വന്ന വാഹനം വെള്ളയമ്പലം സിഗ്‌നൽ കടന്നു കവടിയാർ റോഡിലേക്കു കടക്കുമ്പോഴാണ് തീ ഉയർന്നത്. ഡ്രൈവർ പുറത്തിറങ്ങിയതിനു പിന്നാലെ വൻ ശബ്ദത്തോടെ വാഹനം കത്തിയമർന്നു. ഉടൻ തന്നെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഓടി എത്തി ഗതാഗതം തടഞ്ഞ ശേഷം ഫയർഫോഴ്സിനെ വിളിച്ചു. എസിയിൽ നിന്നു വാതകച്ചോർച്ച സംഭവിച്ചതാകാം കാരണമെന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം നടത്തി റിപ്പോർട്ട് നൽകും.