കോട്ടയം തീക്കോയിയിൽ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍

ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു.

0
133

കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. തീക്കോയില്‍ ശക്തമായ മഴയെതുടര്‍ന്ന് മണ്ണിടിച്ചില്‍. വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം 5.45 ഓടെ മംഗളഗിരി ഒറ്റയിട്ടി ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ തീക്കോയി വില്ലേജിലെ വെളിക്കുളം സ്‌കൂളില്‍ റവന്യൂ വകുപ്പ് ക്യാമ്പ് തുറന്നു.

മൂന്ന് മണിക്കൂറായി ശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത്. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശവും നൽകി. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തി. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ തീക്കോയി വില്ലേജില്‍ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് പ്രാഥമിക വിവരം. ചാത്തപ്പുഴയിൽ വെള്ളം പൊങ്ങുന്നതായി അധികൃതർക്ക് വിവരം ലഭിച്ചു.

English Summary: Vehicular traffic has been banned on Eratupetta-Wagamon route.