‘മുന്നോട്ട് പോകുകതന്നെ ചെയ്യും’; മൗനം വെടിഞ്ഞ് സഞ്ജു സാംസണ്‍

'സഞ്ജു... നിങ്ങൾ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ട്' എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

0
252

തിരുവനന്തപുരം: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴഞ്ഞതിനുപിന്നാലെ വൈകാരിക പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മുന്നോട്ടുപോകുകതന്നെ ചെയ്യും എന്നാണ് സഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്. “ഇത്‌ ഇങ്ങനെ തന്നെയാണ്‌, മുന്നോട്ടു പോകാനാണ് തീരുമാനം.’’– ഇന്ത്യൻ ജേഴ്‌സിയിൽ ബാറ്റ്‌ ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സഞ്ജു കുറിച്ചു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുപിന്നാലെ മൗനം വെടിഞ്ഞ സഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയത്.

കഴിഞ്ഞദിവസം സഞ്ജു സാംസൺ തന്റെ പ്രതികരണം ഒരു ചിരിയിൽ ഒതുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വൈകാരിക പ്രതികരണവുമായി സഞ്ജു രംഗത്തുവന്നത്. സഞ്ജു സാംസണെ നിരന്തരമായി അവഗണിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് താരത്തിന്റെ സമൂഹ മാധ്യമങ്ങളിലെ കുറിപ്പ്. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനുപിന്നാലെ ഫേസ്ബുക്കില്‍ പുഞ്ചിരിക്കുന്ന ഇമോജി സഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പ്രതികരിച്ചത്. മണിക്കൂറുകൾക്കകം ഈ പ്രതികരണം ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആരാധകരാണ് സഞ്ജുവിന് പിന്തുണ അറിയിച്ച് രംഗത്തുവന്നത്.

‘സഞ്ജു… നിങ്ങൾ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ട്’ എന്നായിരുന്നു ആരാധകരിൽ ഭൂരിഭാഗം പേരും പ്രതികരിച്ചത്. നിങ്ങൾ മുന്നോട്ട് തന്നെ പോകുകയെന്നും എന്ത് വന്നാലും കൂടെയുണ്ടെന്നും പലരും ധൈര്യം പകരുന്നു. നിങ്ങള്‍ യഥാര്‍ത്ഥ ചാമ്പ്യനാണെന്നും നിങ്ങളുടെ സമയം വരുമെന്നും പറഞ്ഞ ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ മുന്നോട്ടുപോകൂയെന്നും സഞ്ജുവിനെ ആശ്വസിപ്പിച്ചു. ചില മേലാളന്മാരുടെ ഇത്തരം തീരുമാനങ്ങളിൽ പതറരുതെന്നും പ്രതിഭാധനനായി മുന്നോട്ടുതന്നെ പോകു എന്നും പലരും പറഞ്ഞു. അതീവ വൈകാരികതയോടെയാണ് ക്രിക്കറ്റ് പ്രേമികൾ പ്രതികരിക്കുന്നത്.

ഏഷ്യാ കപ്പിന് പിന്നാലെ ചൊവ്വാഴ്ചയാണ് സെലക്ടര്‍മാര്‍ ഓസ്‌ട്രേലയിക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് മാത്രം ടീമില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഏകദിനങ്ങളില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ്, പരിക്കിന്‍റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഋതുരാജ് ഗെയ്കവാദും തിലക് വര്‍മയും വരെ ടീമിലിടം നേടി. സഞ്ജുവിനെ തഴഞ്ഞതിൽ ആശ്ചര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, റോബിൻ ഉത്തപ്പ എന്നിവരും രംഗത്തുവന്നിരുന്നു.

English Summary: ‘It is what it is!’: Sanju Samson chooses to ‘keep moving forward’ after snub.