ലോകകപ്പ്‌ ക്രിക്കറ്റിന് കാര്യവട്ടവും ഒരുങ്ങുന്നു; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സന്നാഹ മത്സരങ്ങൾ 29 മുതൽ

ഐസിസി നിബന്ധനപ്രകാരം മുപ്പതിനായിരത്തോളം സീറ്റുകൾ മാത്രമേ സന്നാഹ മത്സരത്തിന്‌ അനുവദിക്കൂ.

0
787

തിരുവനന്തപുരം: ലോകകപ്പ്‌ ക്രിക്കറ്റ്‌ സന്നാഹ മത്സരങ്ങൾക്ക് കാര്യവട്ടവും ഒരുങ്ങുന്നു. ഗ്രീൻഫീൽഡിൽ 29 നാണ് സന്നാഹ മത്സരങ്ങൾക്ക് തുടക്കമാവുക. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ സന്നാഹമത്സരം. ടീമുകൾ ബുധനാഴ്‌ച മുതൽ എത്തിത്തുടങ്ങും. അഫ്‌ഗാനിസ്ഥാനാണ്‌ ആദ്യമെത്തുക. പിന്നാലെ ദക്ഷിണാഫ്രിക്കയും.

ഇന്ത്യയടക്കം നാല്‌ പരിശീലന മത്സരങ്ങൾക്കാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സാക്ഷ്യം വഹിക്കുക. മത്സരങ്ങൾക്ക് ദിവസങ്ങൾ ശേഷിക്കെ സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്‌റ്റേഡിയം ബിസിസിഐയ്‌ക്ക്‌ കൈമാറും. ആദ്യമായാണ്‌ കേരളം ലോകകപ്പ്‌ ക്രിക്കറ്റിന്റെ സന്നാഹമത്സരത്തിന്‌ പിച്ചൊരുക്കുന്നത്.

ഐസിസി നിർദേശപ്രകാരമുള്ള അറ്റകുറ്റപ്പണികളാണ്‌ നടത്തുന്നത്‌. 300 ഓളം സീറ്റുള്ള കോർപറേറ്റ്‌ ബോക്‌സ്‌ സ്റ്റേഡിയത്തിൽ പുതിയതായി ഒരുക്കും. ഐസിസി അംഗരാജ്യങ്ങളിൽനിന്നുള്ളവർക്കു വേണ്ടിയുള്ള കോർപറേറ്റ്‌ ബോക്‌സ്‌ ഗ്രീൻഫീൽഡിൽ ഉണ്ടായിരുന്നില്ല. ടീമുകൾക്ക്‌ രാത്രിയും പരിശീലനത്തിനുള്ള സജ്ജീകരണം ഒരുക്കും. ഡ്രസിങ്‌ റൂമിന്റെ ഘടനയും മാറ്റും. കേടായ ഇരിപ്പിടങ്ങൾ മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവസാനിക്കാറായി. പിച്ച്‌ ഒരുക്കലും അവസാനഘട്ടത്തിലാണ്‌.

45000ൽ അധികം സീറ്റുള്ള സ്‌റ്റേഡിയത്തിൽ ഐസിസി നിബന്ധനപ്രകാരം മുപ്പതിനായിരത്തോളം സീറ്റുകൾ മാത്രമേ സന്നാഹ മത്സരത്തിന്‌ അനുവദിക്കൂ. ടിക്കറ്റ്‌ വിതരണം തുടങ്ങി. ഒക്ടോബർ മൂന്നിന്‌ നടക്കുന്ന ഇന്ത്യ – നെതർലൻഡ്‌ മത്സരത്തിന്റെ ടിക്കറ്റുകളാണ്‌ കൂടുതലായി വിറ്റുപോകുന്നത്‌. 30ന്‌ ഓസ്‌ട്രേലിയ – നെതർലൻഡ്‌, ഒക്ടോബർ രണ്ടിന്‌ ന്യൂസിലൻഡ്‌ – ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ മത്സരമാണ്‌ തിരുവനന്തപുരത്ത്‌ നടക്കുന്നത്‌. കെസിഎയുടെ മംഗലപുരത്തുള്ള സ്‌റ്റേഡിയത്തിലായിരിക്കും ടീമുകളുടെ പരിശീലനം. ഒക്‌ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 സ്‌റ്റേഡിയങ്ങളിലായാണ്‌ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരങ്ങൾ.

English Summary: At Kariavattom only about 30,000 seats will be allotted for the worldcup warm-up competition.