മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികളാണ് ആറ് മാസത്തേക്ക് തടഞ്ഞത്.

0
229

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെയുള്ള തുടർനടപടികൾക്ക് സ്റ്റേ. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞത്. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു.

നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മോഹൻലാലിനെതിരായ കുറ്റം നിസാരമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നുമാണ് ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറി.

കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം.

English Summary: Proceedings of Perumbavoor magistrate court in Mohanlal ivory case stayed for 6 months.