‘ചെറുകുടലിനെ പഞ്ചായത്ത് ഹൈവേയെങ്കിലും ആക്കണം’; ചാണ്ടി ഉമ്മനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

സൈബറാക്രമണങ്ങളെപ്പറ്റി മാധ്യമങ്ങളുടെ ഏകപക്ഷീയ റിപ്പോർട്ടിങ്ങിനെ പരിഹസിച്ച് "സുബൈറാക്രമണം" പുറപ്പെട്ടോയെന്ന ചോദ്യവും അരങ്ങ് തകർക്കുന്നു.

0
18906

തിരുവനന്തപുരം: ചെറുകുടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കാരണം മറ്റൊന്നുമല്ല, ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററെന്ന് പുതുപ്പള്ളിയുടെ പുതിയ എംഎൽഎ ചാണ്ടി ഉമ്മൻ ആധികാരികമായി പറഞ്ഞതോടെയാണ് ഹൃദയത്തെപ്പോലും കവച്ചുവെച്ച് ചെറുകുടൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. തിരുവനന്തപുരത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണപരിപാടിയിൽ മകൻ ചാണ്ടി ഉമ്മൻ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രോൾ കൊണ്ട് മൂടുന്നത്. പൊതുപരിപാടിയിൽ ഒന്നരകിലോമീറ്റർ നീളമുള്ള ചെറുകുടലിനെപ്പറ്റി ചാണ്ടി ഉമ്മൻ ആധികാരികമായി സംസാരിക്കുന്ന വീഡിയോ വൈറലായതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.

ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്നുള്ള പുതിയ കണ്ടുപിടുത്തമാണ് വീഡിയോയിലൂടെ ചാണ്ടി ഉമ്മൻ നടത്തിയത്. അതിങ്ങനെ. “ഒന്നര കിലോമീറ്ററാണ് നമ്മുടെയൊക്കെ ചെറുകുടലിൻ്റെ നീളം. എന്നാൽ, ഭക്ഷണം കഴിക്കാതെ അപ്പയുടെ ചെറുകുടൽ 300 മീറ്ററായി ചുരുങ്ങിപ്പോയി”. ഇതിനുശേഷം വേദിയിലിരിക്കുന്നവരെ വലിയ ആധികാരികഭാവത്തിൽ നോക്കുന്നുമുണ്ട് ചാണ്ടി ഉമ്മൻ. പ്രസംഗം പുലർത്തുവന്നതോടെ പിന്നെ ട്രോൾ മഴയുടെ പൊടിപൂരമായി.

ചാണ്ടി ഉമ്മൻ പറഞ്ഞത്‌ ശാസ്ത്രീയമാണ്‌. ചെറുതായി പോകുന്നത് കൊണ്ടാണ്‌ അതിനെ “ചെറുകുടൽ” എന്ന് വിളിക്കുന്നത്. കമ്മികൾ ദേശാഭിമാനി മാത്രം വായിക്കുന്നത്‌ കൊണ്ടാണ്‌ ഇതൊന്നും അറിയാത്തത്‌ എന്നാണ് ഒരു ട്രോൾ. ഒന്നര കിലോമീറ്റർ നീളമുള്ള ചെറുകുടലിനെ ഒരു പഞ്ചായത്ത് ഹൈവേയെങ്കിലും ആക്കിക്കൂടേയെന്ന് ചോദിക്കുന്നവരും കുറവല്ല.

ചെറുകുടൽ പുതുപ്പള്ളി മുഴുവൻ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ തൃശൂർ റൗണ്ടിൽ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണെന്നായി മറ്റൊരു സംഘം. ഒന്നര കിലോ മീറ്ററിന് പകരം ഇനി ചെറുകുടല്‍ എന്ന് പറഞ്ഞാല്‍ മതിയെന്ന കമന്റുകളും പറക്കുന്നു. പുതുപ്പള്ളിക്കാർക്ക് തെറ്റ് പറ്റിയെന്ന് ഉറപ്പായെന്നും പുതുപ്പള്ളിക്കാരെ പറഞ്ഞാൽ മതി ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നുവെന്നും തുടങ്ങി കമന്റുകളും ട്രോളുകളും അങ്ങനെ നീണ്ടു കിടക്കുന്നു. ചെറുകുടൽ 1.5 കി.മീ എന്ന മൈൽക്കുറ്റികളും സോഷ്യൽമീഡിയയിൽ പറപറക്കുന്നു.

‘ചെറുകുടൽ ഒന്നര കിലോമീറ്റർ… ചെറുകുടൽ ഒന്നര കിലോമീറ്റർ’ എന്ന് കാണാതെ പഠിക്കുന്ന ജഗതി കഥാപാത്രവും ട്രോളുകളിൽ നിറയുന്നു. യുബർ ടാക്സി പിടിച്ചാണ് ഭക്ഷണം ചെറുകുടലിലേക്ക് പോയിരുന്നതെന്ന സത്യം എത്രപേർക്കറിയാം എന്ന് ചോദിക്കുന്നവരുണ്ട്. കോട്ടയത്ത് തിരുനക്കര ഉത്സവപ്പറമ്പിൽ പല്ലു പറിച്ചിരുന്ന ഡോ. ഉമ്മനായിരുന്നു ഞാൻ കണ്ട എറ്റവും നീണ്ട ബിരുദങ്ങൾ. അതിനു ശേഷം ഇപ്പോൾ എന്ന് കളിയാക്കി മനോരമയുടെ വെളുപ്പിക്കൽ വാർത്ത ടാഗ് ചെയ്തവരും കുറവല്ല. പുതുപ്പള്ളിയിൽ സമയത്ത് റോഡുകൾ നിർമിക്കാത്തതിനാൽ അതും ചുരുങ്ങിയെന്ന വാസ്തവം തുറന്നുകാട്ടുന്നവുരുമുണ്ട്.

ചെറുകുടൽ വിഷയത്തിൽ മാധ്യമങ്ങളെയും കണക്കിന് പരിഹസിക്കുന്നുണ്ട് സോഷ്യൽ മീഡിയ. മാധ്യമങ്ങളുടെ വകയായുള്ള “സുബൈറാക്രമണം” പുറപ്പെട്ടോയെന്ന ചോദ്യവും അരങ്ങ് തകർക്കുന്നു. ‘ചെറുകുടലിനെതിരെ സൈബറാക്രമണം’ എന്ന വാർത്ത വന്നോ എന്നാണ് പലരുടെയും ചോദ്യം. വസ്തുത തുറന്നുകാട്ടിയാൽ മനോരമയ്ക്കും മാതൃഭൂമിക്കും റിപ്പോർട്ടറിനുമൊന്നും അത് പിടിക്കില്ല എന്ന് തുറന്നുപറയുന്നവരുണ്ട്. ഡേയ്… ആരാടെ കുഞ്ഞു ചാണ്ടിയുടെ ‘വിജ്ഞാനം’ അളക്കുന്നത്, ഡൽഹിയിൽ പഠിച്ച പുതുപ്പള്ളിയുടെ പുതുനായകനെതിരെ വീണ്ടും കടന്നലുകളുടെ സൈബറാക്രമണം എന്നിങ്ങനെയുള്ള വാർത്തകൾ വന്നില്ലേയെന്നും ചോദ്യമുണ്ട്.

യഥാർത്ഥത്തിൽ ഒരു മനുഷ്യന്റെ ചെറുകുടലിന്റെ നീളം 6 മുതൽ 7 മീറ്റർ വരെയാണ്. പിന്നെ ചാണ്ടി ഉമ്മന് എവിടെ നിന്നാണ് ഒന്നര കിലോമീറ്റർ എന്ന അളവ് കിട്ടിയതെന്നും വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും ഫേസ്ബുക് പോസ്റ്റുകളും ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് തോറ്റ ആരോഗ്യമന്ത്രി ഗ്ലോബൽ ലാലേട്ടനെയും മാങ്കൂട്ടത്തിനെയും ഒക്കെ നമ്പിയാൽ ഇങ്ങനെയിരിക്കുമെന്നും സോഷ്യൽ മീഡിയ കണക്കറ്റ് പരിഹസിക്കുന്നു.

English Summary: Small intestine; Chandy Oommen trolls.