പീരുമേട്: ഇടുക്കിയിൽ വീണ്ടും ആനക്കൊമ്പ് വേട്ട. തമിഴ്‌നാട്ടിലേക്ക് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന ആനക്കൊമ്പുമായി രണ്ടുപേരെ പരുന്തുംപാറയിൽ വെച്ച് വനംവകുപ്പ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത്ത്, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. ഇവരിൽ നിന്നും രണ്ട് വലിയ ആനക്കൊമ്പുകളും പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
ഇടുക്കിയിലെ പീരുമേട് ഭാഗത്ത് രണ്ട് ആനക്കൊമ്പുകളുടെ കച്ചവടം നടക്കാൻ സാധ്യതയുള്ളതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഒരടിയോളം നീളവും രണ്ടുകിലോയോളം തൂക്കവുമുള്ളതാണ് പിടിച്ചെടുത്ത കൊമ്പുകൾ. വനത്തിൽ നിന്നും ആനക്കൊമ്പ് ശേഖരിച്ചയാളെക്കുറിച്ച് വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കച്ചവടത്തിന് ഇടനില നിന്നയാളുകളെയും ഉടൻ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് ഇൻറലിജൻസ് വിഭാഗത്തിനൊപ്പം മുണ്ടക്കയം ഫ്ളയിംഗ് സക്വാഡ്, മുറിഞ്ഞ പുഴ വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ഐഎൻടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ മകനടക്കം രണ്ടുപേരെ തമിഴ്‌നാട്ടിലെ തേനി ജില്ലയിലേക്ക് ആനക്കൊമ്പ് കടത്തുന്നതിനിടെ വ്യാഴാഴ്ച സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു. ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണൻ (28), തേനി കൂടല്ലൂർ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണൻ (32) എന്നിവരെയാണ് രണ്ടുദിവസം മുമ്പ് പിടികൂടിയത്. ഇതിനുതൊട്ടുപിന്നാലെയാണ് വീണ്ടും ആനക്കൊമ്പ് കടത്ത് സംഘം അറസ്റ്റിലാകുന്നത്.
വണ്ടൻമേട്, കുമളി, സത്രം എന്നിവിടങ്ങൾ വഴി വ്യാപകമായി കടത്തുന്നതായി സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്‌ക്ക് വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ വനംവകുപ്പ് സമഗ്ര അന്വേഷണം തുടങ്ങി.
English Summary: Forest department had caught the ivory smugglers two days ago.