ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ആദ്യയോഗം ഈ മാസം 23ന്. സമിതി ചെയർമാൻ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് എട്ടംഗ സമിതിയുടെ യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍, ഏതൊക്കെ രീതിയിൽ കാര്യങ്ങൾ ഒരുക്കണം എന്നിവയാകും യോഗത്തിൽ ചർച്ചയാകുക. തെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടത്തിലായി നടത്തുന്നതിനാവശ്യമായ ചട്ടക്കൂട് യോഗത്തിൽ അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് മുതൽ ലോക്സഭാ വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുമ്പോൾ കൈക്കൊള്ളേണ്ട ഘടനാപരമായ കാര്യങ്ങളും യോഗത്തിൽ ഉരുത്തിരിയുമെന്ന് രാംനാഥ് കോവിന്ദ് ഭുവനേശ്വറിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ജനപ്രാതിനിത്യ നിയമത്തിലും മറ്റ് നിയമങ്ങളിലും എന്തെങ്കിലും ഭേദഗതികള്‍ വരുത്തണോയെന്ന് സമിതി പരിശോധിക്കും. ഭരണഘടനയിലെ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോയെന്നും ചർച്ച ചെയ്യും. സെപ്റ്റംബര്‍ രണ്ടിനാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ പരിശോധന നടത്തി ശുപാര്‍ശ നല്‍കാന്‍ എട്ടംഗ കമ്മിറ്റിയെ കേന്ദ്രം നിയമിച്ചത്. സമിതിയുടെ ശുപാർശകൾക്കനുസരിച്ചായിരിക്കും തുടർനടപടി. 2024 മെയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും. സാഹചര്യത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രാബല്യത്തിൽ വരുത്താനുള്ള കേന്ദ്ര നീക്കം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, നിയമവിദഗ്ധന്‍ ഹരീഷ് സാല്‍വേ, ധനകാര്യ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍കെ സിങ്, സെന്‍ട്രല്‍ വിജിലന്‍സ് മുന്‍ കമ്മീഷന്‍ സഞ്ജയ് കോത്താരി, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. നിയമകാര്യ സെക്രട്ടറി നിതെന്‍ ചന്ദ്രയായിരിക്കും സമിതിയുടെ സെക്രട്ടറി. യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളുമുണ്ടാകും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണെങ്കിൽ എന്തെല്ലാം നിയമങ്ങളിൽ ഭേദഗതികൾ ആവശ്യമുണ്ട് എന്നതടക്കം സമിതി പരിശോധിക്കും. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ആര്‍എസ്എസ് അജണ്ടയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു.
English Summary: Ram Nath Kovind said Meeting will be held after the Special Parliamentary session.