‘പറയുന്ന കാര്യങ്ങൾ സൂക്ഷിച്ച് പറയണം’; അലൻസിയറുടെ വിവാദ പരാമർശത്തിൽ മന്ത്രി വി.ശിവൻകുട്ടി

ഇത്തരം കാര്യങ്ങൾ പ്രചരിക്കുമ്പോൾ അവരവർതന്നെ ചിന്തിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു

0
179

പറയുന്ന കാര്യങ്ങൾ സൂക്ഷിച്ച് പറയണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ചലച്ചിത്ര പുരസ്‌കാര ദാന വേദിയിൽ നടൻ അലൻസിയർ ലേ ലോപ്പസ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇത്തരം കാര്യങ്ങൾ പ്രചരിക്കുമ്പോൾ അവരവർതന്നെ ചിന്തിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ? സംസ്ഥാന അവാർഡാണ്. പ്രത്യേകിച്ച് എല്ലാവരും ബഹുമാനിക്കുന്ന അവാർഡാണ്. അവാർഡിന്റെ ചരിത്രം, ആ ശില്പം ആരാണ് രൂപകല്പന ചെയ്തത് തുടങ്ങിയ വിഷങ്ങളിലൊന്നും ഇതുവരെ തർക്കമുണ്ടായിട്ടില്ല. പറയാൻ പാടുണ്ടോയെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുതാത്പര്യമുള്ള വിഷയങ്ങൾ കൈകാര്യംചെയ്യുന്ന വ്യക്തിത്വങ്ങളാവുമ്പോൾ, അത് കായികമായാലും സിനിമയായാലും രാഷ്ട്രീയമായാലും പറയേണ്ട കാര്യങ്ങൾ സൂക്ഷിച്ചുപറയേണ്ടതായിട്ടുണ്ട്. അതായിരിക്കും പൊതുവിൽ സമൂഹത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചലച്ചിത്ര പുരസ്‌കാര വേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരേ വിമർശനം ശക്തമാകുകയാണ്.