ഫഹദ്‌ ഫാസിൽ ആരാധകൻ, കൂടെ അഭിനയിക്കാൻ ആഗ്രഹം: ബോളിവുഡ്‌ താരം ആയുഷ്‌മാൻ ഖുറാന

ഫഹദ് ഫാസിൽ അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സ് ഏറെ ഇഷ്ടമാണെന്ന് ആയുഷ്മാൻ ഖുറാന പറയുന്നു.

0
241

ഫഹദ്‌ ഫാസിലിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന്‌ ബോളിവുഡ്‌ താരം ആയുഷ്‌മാൻ ഖുറാന. മലയാളം സിനിമയോടുള്ള ഇഷ്ടം ആയുഷ്‌മാൻ ഖുറാന തുറന്നു പറയുകയും ചെയ്‌തു. മലയാള സിനിമകളുടെ കഥാപശ്ചാത്തലം റിയലാണെന്ന് ആയുഷ്മാൻ ഖുറാന പറയുന്നു. നല്ലൊരു അവസരം ലഭിക്കുകയാണെങ്കിൽ ഫഹദിനൊപ്പം അഭിനയിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളെല്ലാം എന്റെ ഹൃദയത്തിൽ ഇടം പിടിച്ചു കഴി‍ഞ്ഞു. ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സ് പോലെയുള്ള ചിത്രങ്ങൾ വലിയ ഇഷ്ടമാണ്. സിനിമയുടെ സൗണ്ട് ട്രാക്ക് തന്നെ ആകർഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

തമിഴിലും തെലുങ്കിലും തിളങ്ങിയ ഫഹദ്‌ ഫാസിലിന്റെ ബോളിവുഡ്‌ അരങ്ങേറ്റത്തിലേക്കുള്ള സൂചനയായാണ്‌ ആയുഷ്‌മാൻ ഖുറാനയുടെ വാക്കുകൾ വ്യാഖ്യാനിക്കപ്പെട്ടുന്നത്‌. ഫഹദ്‌ ഹാസിലിന്റെ പാൻ ഇന്ത്യൻ മാർക്കറ്റ്‌ മുന്നിൽ കണ്ട്‌ ഫഹദിനെ ബോളിവുഡിന്റെ ഭാഗമാക്കാനുള്ള സാധ്യത തള്ളി കളയാനാകില്ല.

അതേസമയം ഷാരൂഖ്‌ ഖാന്‌ പിന്നാലെ സൗത്ത് ഇന്ത്യൻ സിനിമാ പ്രവേശനത്തിന്‌ ആയുഷ്മാൻ ഖുറാനയും ഒരുങ്ങുന്നതായാണ്‌ സൂചന. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നും മികച്ച തിരക്കഥ ലഭിച്ചാൽ തീർച്ചയായും ചിത്രം ചെയ്യുമെന്നും ആയുഷ്മാൻ വ്യക്തമാക്കി.

വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സൗത്തിൽ നിന്ന് വളരെ മികച്ച ചിത്രങ്ങളാണ് വരുന്നത്. നേരത്തെയും അവിടെ നിന്നുള്ള ചിത്രങ്ങൾ നമ്മൾ റീമേക്ക് ചെയ്യാറുണ്ട്. പുത്തൻ പ്രമേയങ്ങളെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ എന്നോട് ഒരു പ്രത്യേക ബഹുമാനം അവർക്കുണ്ട്. ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ എന്റെ സിനിമകളിൽ ഞാൻ അഭിമാനിക്കുന്നു- അയുഷ്മാൻ പറഞ്ഞു.

മലയാളത്തില്‍ ധൂമമാണ് ഫഹദിന്റേതായി അവസാനം റിലീസിനെത്തിയത്‌. സംവിധാനം പവൻ കുമാര്‍ ആയിരുന്നു.