ഭൂമി തർക്കം; യുപിയിൽ 3 പേരെ വീടുകയറി വെട്ടിക്കൊന്നു, പ്രതിയുടെ വീടിന് നാട്ടുകാർ തീയിട്ടു

കൊലപാതകത്തിൽ പ്രകോപിതരായ നാട്ടുകാർ വീടുകളും കടകളും അഗ്നിക്കിരയാക്കി.

0
211

ലഖ്‌നൗ: ഭൂമിതർക്കത്തിന്റെ പേരിൽ ഉത്തർപ്രദേശിലെ കൗശാംബിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടുകയറി വെട്ടിക്കൊന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കൗശാംബി ചോറാഹയിലെ ഹോരിലാൽ, മകൾ ബ്രിജ്കാലി, മരുമകൻ ശിവശരൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോൾ ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു.

ചോറാഹയിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഹോറിലാലും മറ്റൊരു ഗ്രാമവാസിയായ സുഭാഷും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെ തർക്കമുള്ള സ്ഥലത്തോട് ചേർന്ന് കൊല്ലപ്പെട്ട ശിവശരൺ കട തുടങ്ങി. ഇതോടെ ഹോറിലാലും സുഭാഷും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ചുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ പറഞ്ഞു. അക്രമികളായ നാലുപേരുടെ പേര് വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും ജില്ലാ പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി.

കൊലപാതകത്തെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ അക്രമിസംഘത്തിൽപ്പെട്ട ആളുടെയുൾപ്പെടെ നിരവധി വീടുകൾക്ക് തീയിട്ടു. ഇതിനുപുറമെ കടകളും അഗ്നിക്കിരയാക്കി. ഏഴ് വീടുകൾക്കും അഞ്ച് കടകൾക്കും തീയിട്ടുവെന്നാണ് റിപ്പോർട്ടുകൾ. സംഭവമറിഞ്ഞ് പൊലീസും ഫയർഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി.

മൃതദേഹം ഏറ്റെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാർ എതിർത്തു. അക്രമികളെ പിടികൂടുന്നതുവരെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനായി സിറാത്തു, ചായ്‌ലി സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

English Summary: Land dispute; Angry Villagers Set Houses on Fire in Kaushambi.