പൊടിക്കാറ്റിനെ നേരിടാൻ നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് സൗദി അറേബ്യ

രാജ്യത്തുടനീളം മരങ്ങൾ വെച്ച് പിടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്

0
59

പൊടിക്കാറ്റിനെ നേരിടാൻ രാജ്യത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി സൗദി അറേബ്യ. കിരീടാവകാശി അവതരിപ്പിച്ച ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി ഇതിന് ഉദാഹരണമാണെന്നും സൗദി വ്യക്തമാക്കി. ഇറാനിൽ ചേർന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് സൗദി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലായിരുന്നു സമ്മേളനം.

പൊടിക്കാറ്റ്, മണൽ കാറ്റ് തുടങ്ങിയ കാലാവസ്ഥ പ്രതിഭാസങ്ങളെ ചെറുക്കുന്നതിനെ കുറിച്ചായിരുന്നു സമ്മേളനം ചർച്ച ചെയ്തത്. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനും മണൽ കാറ്റുകൾ, പൊടിക്കാറ്റുകൾ എന്നിവയെ ചെറുക്കാനും സൗദി അറേബ്യ ഫലപ്രദമായ ശ്രമങ്ങൾ നടത്തിവരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം സി.ഇ.ഒ അയമൻ ബിൻ സാലിം ഗുലാം സമ്മേളത്തിൽ അറിയിച്ചു.

2021 മാർച്ചിൽ കിരീടാവകാശി അവതരിപ്പിച്ച സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രാദേശികവും ആഗോളവുമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടാൻ സൗദി തയ്യാറാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം മരങ്ങൾ വെച്ച് പിടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് ഗവേഷണത്തിലും സാങ്കേതികവിദ്യയിലും സൗദി അറേബ്യ ഗണ്യമായ നിക്ഷേപം നടത്തി. മുന്നറിയിപ്പ് സംവിധാനങ്ങൾ, ഗവേഷണം, സാങ്കേതിക കൈമാറ്റം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് അയൽരാജ്യങ്ങളുമായി സൗദി കരാറുകളിൽ ഒപ്പുവച്ചതായും സി.ഇ.ഒ പറഞ്ഞു.