പുടിനെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉൻ, ക്ഷണം സ്വീകരിച്ച് റഷ്യ

ആണവ അന്തർവാഹിനികൾ ഉത്തരകൊറിയയ്ക്ക് നൽകുന്ന വിഷയത്തിലും ചർച്ച നടന്നതായി മാധ്യമങ്ങൾ.

0
310

സിയോൾ: റഷ്യൻ സന്ദർശനം തുടരുന്നതിനിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉൻ. വോസ്റ്റോക്‌നി കോസ്‌മോഡ്രോം ബഹിരാകാശകേന്ദ്രം സന്ദർശിച്ച് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തിശേഷമാണ് കിം പുടിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ചത്. സന്ദർശന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉത്തരകൊറിയയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയയുടെ ആണവ-മിസൈൽ-ഉപഗ്രഹ പദ്ധതികൾക്കുള്ള റഷ്യൻ സഹകരണം അടക്കം പുടിൻ-കിം കൂടിക്കാഴ്ചയിൽ ചർച്ചയായതായി റിപ്പോർട്ടുണ്ട്. ആണവ അന്തർവാഹിനികൾ ഉത്തരകൊറിയയ്ക്ക് നൽകുന്ന വിഷയത്തിലും ചർച്ച നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉത്തരകൊറിയ പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി സൈനിക ഉപകരണങ്ങളാണ് റഷ്യ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞമാസം റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ഉത്തരകൊറിയ സന്ദർശിച്ച് ഇതുസംബന്ധിച്ച് പ്രാഥമികഘട്ട ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. പീരങ്കി ഷെല്ലുകളും ടാങ്ക് വിരുദ്ധ മിസൈലുകളും അടക്കം റഷ്യയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും കിം ജോങ് ഉൻ-പുടിൻ കൂടിക്കാഴ്ചയിൽ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു.

റഷ്യയുടെ ഫാർ ഈസ്റ്റിൽ നടന്ന കൂടിക്കാഴ്ചയിൽ അടുത്ത നൂറ് വർഷത്തേക്ക് സുസ്ഥിരവും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമായ ബന്ധം വളർത്തിയെടുക്കാൻ കിം പുടിനോട് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

English Summary: Putin, Kim talk military co-operation.