ഐഫോണ്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകള്‍ ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്.
- വിലകൾ
മോഡൽ | സ്റ്റോറേജ് | വില |
---|---|---|
ഐഫോൺ 15 | 128 ജിബി | ₹79,900 |
ഐഫോൺ 15 | 256 ജിബി | ₹89,900 |
ഐഫോൺ 15 | 512 ജിബി | ₹1,09,900 |
ഐഫോൺ 15 പ്ലസ് | 128 ജിബി | ₹89,900 |
ഐഫോൺ 15 പ്ലസ് | 256 ജിബി | ₹99,900 |
ഐഫോൺ 15 പ്ലസ് | 512 ജിബി | ₹1,19,900 |
ഐഫോൺ 15 പ്രോ | 128 ജിബി | ₹1,34,900 |
ഐഫോൺ 15 പ്രോ | 256 ജിബി | ₹1,44,900 |
ഐഫോൺ 15 പ്രോ | 512 ജിബി | ₹1,64,900 |
ഐഫോൺ 15 പ്രോ | 1 ടിബി | ₹1,84,900 |
ഐഫോൺ 15 പ്രോ മാക്‌സ് | 256 ജിബി | ₹1,59,900 |
ഐഫോൺ 15 പ്രോ മാക്‌സ് | 512 ജിബി | ₹1,79,900 |
ഐഫോൺ 15 പ്രോ മാക്‌സ് | 1 ടിബി | ₹1,99,900 |
- സവിശേഷതകൾ
ഐഫോൺ 15 സീരിസിന്റെ പ്രധാന സവിശേഷതകൾ
- എ17 ബയോണിക് പ്രോസസർ
- 48 എംപി ക്യാമറ
- 5 മടങ്ങ് ഒപ്റ്റിക്കൽ സൂം
- ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറ
- ക്യാപ്ചർ വണ്ണുമായി സഹകരണം
- എസ്റ്റേണൽ എസ്എസ്ഡിയിലേക്ക് റെക്കോഡ് ചെയ്യാം
- ടൈറ്റാനിയം നിർമ്മിതി
- ഫൈൻവൂവൺ കെയ്‌സ്
എ17 ബയോണിക് ചിപ്
എ17 ബയോണിക് പ്രൊസസറിന്റെ കരുത്തില്‍ പ്രോ സീരിസുകള്‍ ഗെയിമിങിന്റെ കാര്യത്തില്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഗെയിമര്‍മാരെ ആകര്‍ഷിക്കാനുള്ള ആപ്പിളിന്റെ നിർണായകമായ നീക്കമാണിത്.
ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്കും 48എംപി ക്യാമറ
ഡൈനമിക് ഐലൻഡിനു പുറമെ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളോട് ആപ്പിള്‍ സ്‌നേഹം കാണിച്ചിരിക്കുന്നത് ക്യാമറയുടെ കാര്യത്തിലാണ്. ആദ്യമായി ഇവയ്ക്ക് 48എംപി സെന്‍സര്‍ ലഭിക്കുന്നു. ഈ സെന്‍സറില്‍ നിന്ന് ബിന്‍ ചെയ്ത് 24എംപി മോഡില്‍ ചിത്രങ്ങള്‍ എടുക്കാം. ഐഫോണ്‍ 14, 14 പ്ലസ് മോഡലുകളെ അപേക്ഷിച്ച് അധിക ഡൈനാമിക് റെയ്ഞ്ചും, ഷാര്‍പ്‌നസും ലഭിക്കുമെന്നു പറയുന്നു. 26എംഎം ലെന്‍സാണ് ഇതിന്. ഇത് ഉപയോഗിച്ച് 2 മടങ്ങ് സൂം ചെയ്യാമെങ്കിലും അത് ഒപ്ടിക്കല്‍ സൂം അല്ല.
ക്യാമറയുടെ പ്രത്യേകതകള്‍
ഐഫോണിന്റെ പ്രധാന ക്യാമറ വൈഡ് ആയിക്കൊണ്ടേ ഇരിക്കുന്നു എന്നൊരു പരാതി കഴിഞ്ഞ വര്‍ഷം ഉന്നയിച്ചിരുന്നു. ഇതിന് ഒരു പരിഹാരമായി പ്രധാന ക്യാമറ മൂന്നു ഫോക്കല്‍ ലെങ്തുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇത്തവണ ആപ്പിള്‍ ഇറക്കിയിരിക്കുന്നത്. ക്യാമറാ ആപ് തുറക്കുമ്പോള്‍ തന്നെ 24, 28, 35എംഎം ഫോക്കല്‍ ലെങ്തുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. പ്രധാന ക്യാമറയുടെ ലെന്‍സിന്റെ കോട്ടിങും മെച്ചപ്പെടുത്തിയിട്ടുണ്ട്. സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷനും ഉള്ളതിനാല്‍ കുലുക്കം തട്ടാതെ വിഡിയോയും ഫോട്ടോയും പകര്‍ത്താനായേക്കും. ഫെയ്‌സ്ഡിറ്റെക്ട് ഓട്ടോഫോക്കസും ഉണ്ട്. ഇതിനെ ആപ്പിള്‍ വിളിക്കുന്നത് ഫോക്കസ് പിക്‌സല്‍സ് എന്നാണ്.
ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറ
ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണത്തില്‍ ഏറ്റവുമധികം ശ്രദ്ധ ആകര്‍ഷിച്ച ഫീച്ചറുകളിലൊന്ന് 120എംഎം വരെ എത്തുന്ന ടെലി ലെന്‍സാണ്. ഇത് ഐഫോണ്‍ 15 പ്രോ മാക്‌സിലാണ് ഉള്ളത്. ഇതോടെ സാംസങ് അടക്കമുള്ള കമ്പനികള്‍ ഇറക്കുന്ന പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ വര്‍ഷങ്ങളായി ആസ്വദിച്ചുവരുന്ന ടെലി സൂം ഫങ്ഷന്‍ ഈ വര്‍ഷം ഐഫോണുകളില്‍ കൂടുതല്‍ മെച്ചപ്പെടുന്നു എന്നു കാണാം.
ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് 3 മടങ്ങും, മാക്‌സ് മോഡലുകള്‍ക്ക് 5 മടങ്ങുമാണ് ഒപ്ടിക്കല്‍ സൂം. ഡെമോ സമയത്ത് ഉപയോഗിച്ചവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇവ വളരെ മികവോടെ എല്‍ഇഡി ലൈറ്റുകളുടെ സങ്കീര്‍ണ്ണമായ പ്രകാശത്തിലും പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നു. മാക്‌സ് മോഡലിന്റെ 120എംഎം ലെന്‍സിന് 3-ആക്‌സിസ് സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷനും ഉണ്ട്. പുതിയ ഐഫോണുകളില്‍ പെരിസ്‌കോപ് ക്യമാറ ഉണ്ടാകും എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ആപ്പിള്‍ ടെട്രാപ്രിസം ടെക്‌നോളജിയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പ്രകാശത്തെ സെന്‍സറിലേക്ക് ബൗണ്‍സ് ചെയ്യിച്ചാണ് 120എംഎം ഫോക്കല്‍ ലെങ്തിലേക്ക് എത്തുന്നത്.
ക്യാപ്ചര്‍ വണ്ണുമായി സഹകരിപ്പിക്കാം
ക്യാപ്ചര്‍ വണ്‍ സോഫ്റ്റ്‌വെയറുമായി ക്യമറ ടെതര്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം എന്നത് ചില ഷൂട്ടര്‍മാര്‍ക്ക് പുതിയ വാതിലുകള്‍ തുറക്കുന്നു.
എസ്റ്റേണല്‍ എസ്എസ്ഡിയിലേക്ക് റെക്കോഡ് ചെയ്യാം
വിഡിയോഗ്രാഫര്‍മാര്‍ക്ക് വേണമെങ്കില്‍ ആപ്പിള്‍ പ്രോറെസ് 4കെ/60പി ഫുട്ടെജ് എക്‌സ്റ്റേണല്‍ എസ്എസ്ഡിയിലേക്ക് നേരിട്ടു പകര്‍ത്തിയെടുക്കാം.
ടൈറ്റാനിയം ഫിനിഷ് കാഴ്ചയ്ക്ക് അത്ര വലിയ മാറ്റം കൊണ്ടുവരുന്നില്ലെന്ന്
ടൈറ്റാനിയം നിര്‍മ്മിതിയാണ് ഈ വര്‍ഷത്തെ പ്രോ മോഡലുകളുടെ സവിശേഷതകളിലൊന്ന്. അതേസമയം, ഐഫോണ്‍ 14 പ്രോ മാക്‌സിനെ അപേക്ഷിച്ച് ഐഫോണ്‍ 15 പ്രോ മാക്‌സിന് അല്‍പ്പം ഭാരക്കുറവ് തോന്നുമെന്നും പറയുന്നു.
ഫൈന്‍വൂവണ്‍ കെയ്‌സ്
തുകല്‍ കെയ്‌സിനു പകരം ആപ്പിള്‍ ഇനി വില്‍ക്കുക പുതിയ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള കെയ്‌സ് ആണത്രെ. ആപ്പിള്‍ ഇതിനെ വിളിക്കുന്നത് ഫൈന്‍വൂവണ്‍ (FineWoven) മെറ്റീരിയല്‍ എന്നാണ്. ലെതറിനേക്കാള്‍ ഇത് പരിസ്ഥിതിക്ക് ഗുണകരമായിരിക്കുമെന്ന് ആപ്പിള്‍ വാദിക്കുന്നു.