കുമളി: ഐഎൻടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ മകനടക്കം അന്തർ സംസ്ഥാന ആനക്കൊമ്പ് കടത്ത് സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഐഎൻടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ രാജാ മാട്ടുക്കാരന്റെ മകൻ ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണൻ (28), തേനി കൂടല്ലൂർ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണൻ (32) എന്നിവരാണ് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ഇവരിൽനിന്നും മൂന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. വണ്ടൻമേട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ് രാജാ മാട്ടുക്കാരൻ.
വണ്ടൻമേട്, കുമളി, സത്രം എന്നിവിടങ്ങൾ വഴി തമിഴ്‌നാട്ടിലെ തേനി ജില്ലയിലേക്ക് വ്യാപകമായി ആനക്കൊമ്പ് കടത്തുന്നതായി സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കി. ബുധനാഴ്ച കമ്പം- കുമളി റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് ആനക്കൊമ്പ് കടത്തുകാരായ ഇരുവരും പിടിയിലായത്.
സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഇൻസ്പെക്ടർ രവീന്ദ്രന്റെ നേതൃത്വത്തിൽ കമ്പം വെസ്റ്റ് ഫോറസ്റ്റ് വാർഡൻ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ കർണാടക രജിസ്‌ട്രേഷനിലുള്ള മോട്ടോർ സൈക്കിളിൽ ചാക്കുമായി രണ്ട് യുവാക്കൾ എത്തുകയായിരുന്നു. ചാക്കുകെട്ട് പരിശോധിച്ചപ്പോൾ മൂന്ന് ആനക്കൊമ്പുകൾ കണ്ടെത്തി. അവയിൽ രണ്ട് കൊമ്പുകൾ വലുതും ഒരെണ്ണം ചെറുതുമാണ്.
പ്രതികളെ കമ്പം ഈസ്റ്റ് ഫോറസ്റ്റ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇവർ ആനക്കൊമ്പുകൾ വിൽപനയ്ക്കായി കടത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ പറഞ്ഞു. തമിഴ്‌നാട്ടിലേക്ക് വൻതോതിൽ ആനക്കൊമ്പ് കടത്തുന്ന സംഘം സജീവമാണെന്ന് വനംവകുപ്പ് അധികൃതർക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.
English Summary: Ivory Traffiking; Three tusks were seized.