‘ഗോദി മീഡിയക്കാർ’ ഇനി വേണ്ട; അർണാബും നവികയും ഉൾപ്പെടെ 14 പേർ, ബഹിഷ്കരിക്കുന്ന അവതാരകരുടെ പട്ടിക പുറത്തിറക്കി ‘ഇന്ത്യ’ സഖ്യം

സഖ്യത്തിന്റെ ആദ്യ യോഗത്തിലാണ് സംഘപരിവാർ ഭക്തരായ വാര്‍ത്താ ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനമായത്.

0
416
അർണാബ് ഗോസ്വാമി, സുധിർ ചൗധരി, നവിക കുമാർ

ന്യൂഡൽഹി: നിരന്തരം കള്ളപ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചർച്ചകളിൽ പ്രതിപക്ഷ ബഹുമാനം ഒട്ടും പാലിക്കാതിരിക്കുകയും ചെയ്യുന്ന 14 അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്ത്യ’ സഖ്യം. രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്ങ്ങളെ അഭിമുഖീകരിക്കാതെ വാർത്തകൾ ബിജെപിക്ക് അനുകൂലമായി ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്ന 14 മാധ്യമപ്രവർത്തകരെയാണ് ഇന്നുമുതൽ ഇന്ത്യ സഖ്യം ബഹിഷ്ക്കരിക്കുക. രാജ്യസ്നേഹം എന്ന പേരിൽ അലറിവിളിക്കുന്ന അർണാബ് ഗോസ്വാമി, നവിക കുമാർ തുടങ്ങി ഒൻപത് ചാനലുകളിലെ 14 പേരെയാണ് ബഹിഷ്കരിച്ചത്. ഈ അവതാരകര്‍ നയിക്കുന്ന ചർച്ചകളിലോ വാർത്താപരിപാടികളിലോ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. 14 പേരുടേയും പട്ടിക മുന്നണി പുറത്തിറക്കി.

അര്‍ണാബ് ഗോസ്വാമി (റിപ്പബ്ലിക്ക് ടിവി), നവിക കുമാര്‍ (ടൈംസ് നൗ), സുധീര്‍ ചൗധരി (ആജ്തക്), അദിതി ത്യാഗി (ഭാരത് എക്‌സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ്‌വർക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), ചിത്രാ ത്രിപാഠി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ഇന്ത്യ ടുഡേ-ആജ്തക് നെറ്റ്‌വർക്ക്), സുഷാന്ത് സിന്‍ഹ (ടൈംസ് നൗ ഭാരത്), പ്രാചി പരാശര്‍ (ഇന്ത്യ ടിവി) എന്നിവരെയാണ് സഖ്യം ബഹിഷ്‌കരിക്കുക.

ജനങ്ങൾ അറിയേണ്ട വാർത്തകളെ തമസ്ക്കരിക്കുകയും അവ ചർച്ച ചെയ്യാതിരിക്കുകയും ചെയ്യുന്ന ദേശീയ മാധ്യമങ്ങളുടെ നടപടി പരക്കെ വിവാദമായിരുന്നു. പലപ്പോഴും ചർച്ചകൾ എന്ന പേരിൽ പ്രതിപക്ഷ കക്ഷികളെയും അവയുടെ നേതാക്കളെയും പരിഹസിക്കലും ബിജെപി നേതാക്കളെ വാഴ്ത്തലുമായിരുന്നു ഈ ചാനലുകളുടെ സ്ഥിരം ഏർപ്പാട്. പ്രതിപക്ഷ കക്ഷികൾക്കും പ്രതിനിധികൾക്കും സംസാരിക്കാൻ അവസരം കൊടുക്കില്ല എന്നുമാത്രമല്ല, ഒരിക്കൽപോലും ഒട്ടും പ്രതിപക്ഷ ബഹുമാനം പോലും കാണിക്കാറില്ല ഈ അവതാരകർ.

ബുധനാഴ്ച ചേര്‍ന്ന സഖ്യത്തിന്റെ ആദ്യ ഏകോപന സമിതിയോഗത്തിലാണ് സംഘപരിവാർ ഭക്തരായ വാര്‍ത്താ ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനമായത്. പൊതു താത്പര്യമുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത കലര്‍ന്ന വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് നടപടിയെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ മീഡിയ കമ്മിറ്റി പറയുന്നു.

പട്ടികയിലുള്ളവര്‍ വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും മുന്നണി ചൂണ്ടിക്കാട്ടി. ചില വാർത്താ അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെപോലും പിന്നിലാക്കുന്ന തരത്തിലാണ്. പൊതുപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടത്തുന്നതായും മുന്നണി ചൂണ്ടിക്കാട്ടി. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.

എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആദ്യ യോഗത്തില്‍ തന്നെ ചില ടെലിവിഷന്‍ പരിപാടികളെയും അവതാരകരെയും ബഹിഷ്‌കരിക്കണം എന്ന തീരുമാനം ഉണ്ടായിരുന്നു. ചില മാധ്യമങ്ങള്‍ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു.

സംഘപരിവാർ ഭക്തരായ ‘ഗോഡി മീഡിയക്കാരെ’ തുറന്നുകാട്ടുന്ന സമൂഹ-ഡിജിറ്റൽ മാധ്യമങ്ങളെ ഈ അവതാരകവൃന്ദം കൂട്ടം സംഘം ചേർന്ന് ആക്രമിക്കുന്നതും പതിവായിരുന്നു. ന്യൂസ് ലോൺഡ്രി അടക്കമുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കെതിരെ നിരന്തരം കേസ് കൊടുത്ത് സമ്മർദ്ദത്തിലാക്കാനും ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം.

English Summary: TV Anchors INDIA Bloc Will Boycott.