അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ സുധാകരനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ പിരിച്ച 16 കോടിയോളം രൂപയിൽ സുധാകരൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

0
276

കോഴിക്കോട്: കോടികളുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. വിജിലൻസ് പ്രത്യേക സെൽ എസ് പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലാണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ സുധാകരൻ കോഴിക്കോട്ടെ വിജിലൻസ് മുമ്പാകെ ഹാജരായിരുന്നു. പകൽ പതിനൊന്നു മണിയോടെ ഹാജരായ സുധാകരനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം.

കെ കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ച് ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ വിദേശത്തുനിന്നടക്കം 16 കോടിയോളം രൂപ സുധാകരന്‍ പിരിച്ചിരുന്നു. ഇതിൽ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്നും പ്രശാന്ത് ബാബു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരിൽ ഡിസിസി ഓഫിസ് നിർമിക്കാൻ പിരിച്ച തുക വകമാറ്റി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ജൂൺ 10 ന് പ്രശാന്ത് ബാബുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. തുടർന്നാണ് സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സുധാകരെന്റെ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങൾ കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ പ്രധാന അധ്യാപകനിൽ നിന്ന് വിജിലൻസ് നേരത്തെ തേടിയിരുന്നു.

ഇതിനുപിന്നാലെ കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് ബാബു രംഗത്തെത്തി. വനംമന്ത്രിയായിരുന്നപ്പോള്‍ സുധാകരന്‍ ചന്ദനതൈലം കടത്തിയെന്നായിരുന്നു ആരോപണം. ഇതേപ്പറ്റി എ കെ ആന്റണിയോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. കണ്ണൂര്‍ നഗരസഭ ഭരണം ഉപയോഗിച്ച് വന്‍ തട്ടിപ്പിന് സുധാകരന്‍ ശ്രമിച്ചതായും പ്രശാന്ത് ബാബു ആരോപിച്ചിരുന്നു. വിജിലന്‍സ് കേസ് പിന്‍വലിക്കാന്‍ ഇടനിലക്കാരന്‍ വഴി സുധാകരന്‍ 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തതായും പ്രശാന്ത് ബാബു തെളിവുകൾ സഹിതം പുറത്തുവിട്ടിരുന്നു.

English Summary: Complaint filed by Sudhakaran’s former driver Prashant Babu.