കെ എം ബഷീര്‍ കൊലക്കേസ്; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

ഡിസംബർ 11 ന് ഹാജരാകണമെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവ്.

0
101

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി. ഡിസംബർ 11ന് ഹാജരാകണമെന്നാണ് തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറിന്റെ ഉത്തരവ്. കുറ്റവിമുക്തനാക്കണമെന്ന ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷൻ ഹർജി തള്ളിയ സുപ്രീംകോടതി സാഹചര്യത്തിലാണ്‌ പ്രതിയെ വിചാരണയ്‌ക്കായി കോടതി വിളിച്ചു വരുത്തുന്നത്.

കൊലപാതക കുറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമൻ വിചാരണ നേരിടണമെന്ന് റിവിഷൻ ഹർജി തള്ളി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചുമത്താൻ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാമിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ശ്രീറാമിനെ വിളിച്ചു വരുത്തുന്നത്.

ഓഗസ്റ്റ് 25-നാണ് ശ്രീറാം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയിരുന്നു. 2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് തിരുവനന്തപുരത്ത് വെച്ച് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്.

English Summary: Sreeram Venkitaraman should appear on December 11.